വിവാഹത്തിനുള്ള വെള്ള വസ്ത്രത്തില്‍ നില്‍ക്കുമ്പോള്‍ പോലും ചെളി പുരണ്ട ഒരു ബോള്‍ വന്നാല്‍ ഞാനത് നെഞ്ചുകൊണ്ട് തടുക്കും, വേറൊന്നും ആലോചിക്കുക പോലും ചെയ്യാതെ”- മറഡോണ

അവിശ്വസനീയതയോടെയാണ് ലോകം മറഡോണയുടെ മരണത്തെ കേട്ടത്. ലോകം മുഴുവന്‍ ആരാധനയോടെ കാത്തിരിക്കുമ്പോഴും യാതൊന്നും കൂസാതെ തന്റേതായ ജീവിതത്തിലൂടെ നടന്നതു പോലെ അദ്ദേഹം തിരിച്ചു വരും എന്നു തന്നെയായിരുന്നു ഏവരും കരുതിയത്. തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നവംബര്‍ രണ്ടിന് ലാ പ്ലാറ്റ ക്ലിനിക്കില്‍ മറഡോണയെ പ്രവേശിപ്പിച്ചത്. സാഹചര്യം ഒട്ടും ഗുരുതരവുമല്ലായിരുന്നു. തലയില്‍ രക്തസ്രാവമുണ്ടായത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും വിജയകരമായി നടത്തി. തുടര്‍ന്ന് നവംബര്‍ 12-ന് തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. എങ്കിലും തുടര്‍ന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തന്നെയായിരുന്നു അദ്ദേഹം.

എന്നാല്‍ വടക്കന്‍ ബ്യൂണോസ് അയേഴ്‌സിലെ ടൈഗറിലുള്ള വീട്ടില്‍ നിന്ന് പിന്നീടൊരിക്കലും മറഡോണ ജീവിതത്തിലേക്ക് മടങ്ങിവന്നില്ല. പൊടുന്നനെയുണ്ടായ ഹൃദയാഘാതം ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ജീവനെടുത്തു.

“ഗുഡ്‌ബൈ ഡീഗോ. ഫുട്‌ബോള്‍ ലോകത്തെ എല്ലാ ഹൃദയങ്ങളിലും നിങ്ങള്‍ എല്ലക്കാലത്തും ജീവിക്കും”, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.

അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത 1986-ലെ മെക്‌സിക്കോ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ എതിരാളികളായിരുന്ന ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍ ഇങ്ങനെ പറഞ്ഞു: “എന്റെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരനും ഒരു പക്ഷേ എല്ലാക്കാലത്തേയും മികച്ച കളിക്കാരനും. അനുഗ്രഹീതമായ എന്നാല്‍ ഏറെ താളപ്പിഴകള്‍ നിറഞ്ഞ ആ ജീവിതം, ഒരു പക്ഷേ, ദൈവത്തിന്റെ കൈകളില്‍ അദ്ദേഹം സ്വാസ്ഥ്യം കണ്ടെത്തുമായിരിക്കും”.

അര്‍ജന്റന്റീനിയന്‍ തലസ്ഥാനമായ ബ്യണോസ് അയേഴ്‌സില്‍ ജനിച്ച്‌, അവിടെ തന്നെ വളര്‍ന്ന മറഡോണ 1981-ലാണ് അര്‍ജന്റീന ജൂണിയേഴ്‌സിനു വേണ്ടി കളിക്കാന്‍ തുടങ്ങുന്നത്. പിന്നീട് ബൊക്ക ജൂനിയേഴ്‌സിലേക്ക്. അവിടെ നിന്ന് ബാഴ്‌സയിലേക്ക്. എന്നാല്‍ മറഡോണ ക്ലബ് ഫുട്‌ബോളില്‍ വിജയം കണ്ടത് ഇറ്റലിയിലെ ചെറുകിട ക്ലബായ നപ്പോളിയെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടാണ്. സീരി എയില്‍ പുറത്താകല്‍ ഭീഷണി നേരിട്ടിരുന്ന നപ്പോളിയെ ലീഗ് ചാമ്പ്യന്‍മാരും യുവേഫ കിരീടവും നേടിക്കൊടുക്കാന്‍ മറോഡോണയ്ക്കായി. അദ്ദേഹത്തോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജഴ്‌സി മറ്റാര്‍ക്കും കൊടുക്കാതെ നപ്പോളി പിന്നീട് പിന്‍വലിക്കുക പോലും ചെയ്തു.

മറഡോണയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മെസി ഇങ്ങനെ കുറിച്ചു: “ഡീഗോ നിത്യമാണ്. അദ്ദേഹം മടങ്ങിപ്പോയിരിക്കാം, പക്ഷേ വിടവാങ്ങുന്നില്ല. ഒപ്പം ചെലവിട്ട ഓരോ മധുര നിമിഷവും ഓര്‍മിക്കുന്നു. അര്‍ജന്റീനയ്ക്കും ഫുട്‌ബോളിനും ദു:ഖത്തിന്റെ ദിനം.”

അര്‍ജന്റീനന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞത് ഇങ്ങനെ: “നമ്മെ താങ്കള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു, സന്തോഷത്തില്‍ ആറാടിച്ചു. ഇവിടെ ഉണ്ടായിരുന്നതില്‍ നന്ദി ഡീഗോ. ഇത് നമ്മുടെയെല്ലാം നഷ്ടമാണ്.”

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത് ഇങ്ങനെ: “പ്രിയപ്പെട്ട സുഹൃത്തിന് ഞാന്‍ വിടപറയുന്നു. അതുപോലെ നിത്യവിസ്മയമായ ഒരു പ്രതിഭയ്ക്ക് ലോകത്തിന്റെ വിട. താരതമ്യങ്ങളില്ലാത്ത മാന്ത്രികന്‍, എക്കാലത്തേയും മികച്ച ഒരാള്‍, അദ്ദേഹമാണ് വിടപറഞ്ഞിരിക്കുന്നത്. ആ ശൂന്യത ഒരിക്കലും നികത്താനാകില്ല.”

 

 

റൊണാള്‍ഡീഞ്ഞോ ഇങ്ങനേ കുറിച്ചു: “എന്റെ നമ്പര്‍ 10, എന്റെ സുഹൃത്ത്, വിഗ്രഹം; കളിക്കളത്തിലാവട്ടെ, തീന്‍ മേശയിലാവട്ടെ, ഒപ്പം ചെലവഴിച്ച ഓരോ നിമിഷത്തിനും നന്ദി”