കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ പരുക്കേറ്റ എടികെ മോഹന്‍ബഗാന്‍ താരം മൈക്കല്‍ സൂസൈരാജിന് സീസണ്‍ നഷ്ടമാകുമെന്ന് സൂചന. താരത്തിന് ഇനി കളിക്കാന്‍ സാധിച്ചേക്കില്ലെന്നും ആറു മാസത്തെ വിശ്രമമെങ്കിലും താരത്തിന് വേണ്ടിവന്നേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അത് എടികെയ്ക്ക് കനത്ത തിരിച്ചടിയാകും.

ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിലെ 13ആം മിനിട്ടിലാണ് താരം പരുക്കേറ്റ് പുറത്തായത്. പ്രശാന്തിന്‍്റെ ടാക്കിളില്‍ നിലത്തുവീണ താരത്തിന്‍്റെ കാല്‍മുട്ടിനാണ് പരുക്കേറ്റിരിക്കുന്നത് എന്നാണ് വിവരം. ഈസ്റ്റ് ബംഗാളുമായി വെള്ളിയാഴ്ച നടക്കുന്ന കൊല്‍ക്കത്ത ഡെര്‍ബിയില്‍ താരത്തിനു കളിക്കാനാവില്ല എന്ന് ഉറപ്പാണ്. ഇതിനു പുറമെയാണ് അദ്ദേഹം സീസണില്‍ കളത്തിലിറങ്ങിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും എത്തുന്നത്. നേരത്തെ എടികെയുടെ മലയാളി സ്ട്രൈക്കര്‍ ജോബി ജസ്റ്റിനും പരുക്കേറ്റ് പുറത്തായിരുന്നു.

ഉദ്ഘാടന മത്സരത്തില്‍ എടികെ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. ഫിജി ക്യാപ്റ്റന്‍ റോയ് കൃഷ്ണ നേടിയ ഒരു ഗോളാണ് മത്സരഫലം നിര്‍ണയിച്ചത്. മത്സരത്തിന്‍്റെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍ ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുകയായിരുന്നു.

നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍്റെ അടുത്ത മത്സരം. എടികെ വെള്ളിയാഴ്ച ഈസ്റ്റ് ബംഗാളിനെ നേരിടും.