തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി അസാധുവായി. പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ സംസ്ഥാന സര്‍ക്കാരിനെ വിവാദത്തില്‍ പെടുത്തിയ ഭേദഗതി ഇല്ലാതായിരിക്കുകയാണ്. സംസ്ഥാന മന്ത്രിസഭാ ചരിത്രത്തിലാദ്യമായാണ് റിപ്പീലിംഗ് ഓര്‍ഡിനന്‍സ് അവതരിപ്പിക്കുന്നത്.

ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രഖ്യാപിച്ചിരുന്നു.

 

നിയമ ഭേദഗതി ഓര്‍ഡിനന്‍സ് നടപ്പാക്കില്ലെന്നും നിയമസഭ ചേര്‍ന്ന ശേഷം ചര്‍ച്ചയിലൂടെയേ തീരുമാനിക്കൂ എന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാത്തത് തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിശദ ചര്‍ച്ചയ്‌ക്ക് ശേഷം മതി മ‌റ്റൊരു ഓര്‍ജിനന്‍സെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമ ഭേദഗതി ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്നണിയിലും പൊതുസമൂഹത്തിലും വിമര്‍ശനമുയര്‍ന്നതാണ് റിപ്പീലിംഗ് ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സമൂഹമാദ്ധ്യമങ്ങളിലൂടെയുള‌ള അഭിപ്രായങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചത്. കഴിഞ്ഞ മാസം 21നാണ് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വിവാദ പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത്.