ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാലോ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കാതിരുന്നാലോ ചുമത്തുന്ന പിഴ തുക ഇരട്ടിയാക്കി പഞ്ചാബ്. മതിയായ സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണിത്. ഡിസംബര്‍ ഒന്ന് മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി ക്യാപ്‌ടന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു. രാത്രി 10 മുതല്‍ രാവിലെ 5 വരെ എല്ലാം നഗരങ്ങളിലും ഗ്രാമങ്ങളിലും കര്‍ഫ്യു ബാധകമാകും.

ഡല്‍ഹിയിലും തലസ്ഥാന മേഖലയിലും കൊവിഡ് രോഗനിരക്ക് കുതിച്ചുയരുന്നതിനെ തുടര്‍ന്നാണ് പഞ്ചാബിന്റെ ഈ നീക്കം. ഇവിടങ്ങളില്‍ രണ്ടാംഘട്ട വ്യാപനം ആരംഭിച്ചിരിക്കുകയാണ്.കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 1000 രൂപയാകും.ഹോട്ടലുകളും റസ്‌റ്റോറന്റുകളും വിവാഹമണ്ഡപങ്ങളും രാത്രി 9.30ന് തന്നെ അടയ്‌ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ നിയന്ത്രണങ്ങളുടെ ഫലങ്ങള്‍ ഡിസംബര്‍ 15ന് പരിശോധിക്കും.

1,47,665 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പഞ്ചാബില്‍ 6834 ആക്‌ടീവ് കേസുകളാണുള‌ളത്. 1,36,000 പേര്‍ രോഗമുക്തി നേടി. 4653 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 614 പേര്‍ രോഗബാധിതരാകുകയും 22 പേര്‍ മരണമടയുകയും ചെയ്‌തു.