ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റ്100-110 കി.മീ. വേഗത്തില്‍ ഇന്ന് തീരം തൊടാനിരിക്കെ തമിഴ്നാട്ടിലാകെ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട്. ചെന്നൈയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയില്‍ 50-65 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തമിഴ്നാട്ടില്‍ ഒട്ടേറെ ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി. തീര മേഖലകളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങളേയും ദുരന്ത സാധ്യത മേഖലകളില്‍ വിന്യസിച്ചു. ആശങ്ക വേണ്ടെന്നും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.