മധുര: തെരുവില്‍ ഭിക്ഷയാചിച്ച ട്രാന്‍സ് സെക്ഷ്വല്‍ ഡോക്ടര്‍ക്ക് കൈത്താങ്ങായി പൊലീസ്. തമിഴ്‌നാട്ടിലെ മുധുരയിലാണ് സംഭവം. 2018ല്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയായ ഡോക്ടര്‍, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീ ആയതോടെയാണ് ജീവിതം ദുരിതത്തിലായത്.

ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും ഒരുവര്‍ഷമായി ജോലി ചെയ്തുകൊണ്ടിരുന്ന ആശുപത്രിയില്‍ നിന്നും യുവതിയെ പുറത്താക്കി. തുടര്‍ന്ന് ട്രാന്‍സ്‌ജെന്ററുകള്‍ക്കൊപ്പം ഭിക്ഷയെടുത്തു കഴിയുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്‍സ്‌പെക്ടര്‍ കവിതയാണ് യുവതിയെ സഹായിക്കാനായി രംഗത്തെത്തിയത്. പൊലീസ്് ഇവര്‍ക്ക് സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. ക്ലിനിക്ക് തുടങ്ങുന്നതിനായി രേഖകളില്‍ പേരും മറ്റ് വിവരങ്ങളും തിരുത്താനായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിക്കാനൊരുങ്ങുകയാണ് എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

റോഡരികില്‍ ഭിക്ഷയാചിച്ച ഒരുകൂട്ടം ട്രാന്‍സ്‌ജെന്ററുകളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് പെണ്‍കുട്ടിയെയും പൊലീസ് കാണുന്നത്. യുവതി ഡോക്ടര്‍ ആണെന്ന് ആദ്യം തനിക്ക് വിശ്വാസം വന്നില്ല. മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയെങ്കിലും ആദ്യത്തെ പേരിലാണ് നേടിയത് എന്ന് തിലഗര്‍ തിഡല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കവിത പറയുന്നു. തുടര്‍ന്ന് മധുര മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടപ്പോള്‍ പൊലീസിന് സത്യാവസ്ഥ മനസ്സിലായി. മേലുദ്യോഗസ്ഥരോട് സംസാരിച്ച കവിത, പെണ്‍കുട്ടിക്ക് പ്രാക്ടീസ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുകൊടുക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു.