ഓസ്ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. പേസര്‍ ഇശാന്ത് ശര്‍മ്മയും ഓപ്പണര്‍ രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ വൈകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരുക്കേറ്റതിനെ തുടര്‍ന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം തുടരുന്ന താരങ്ങള്‍ ഓസ്ട്രേലിയയില്‍ എത്താന്‍ വൈകുമെന്നും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീമിന് ഇത് കനത്ത തിരിച്ചടിയാകും.

രോഹിത് ശര്‍മ്മയ്ക്ക് ബാക്കപ്പായി മധ്യനിര താരം ശ്രേയാസ് അയ്യരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. പരിമിത ഓവര്‍ മത്സരങ്ങളില്‍ സ്ഥിര സാന്നിധ്യമാണെങ്കിലും ശ്രേയാസ് ടെസ്റ്റ് മത്സരങ്ങളില്‍ ഇതുവരെ പാഡണിഞ്ഞിട്ടില്ല. രോഹിത് എത്തിയില്ലെങ്കില്‍ ശ്രേയാസിന് അവസരം ലഭിക്കുമെന്നാണ് ഇന്‍സൈഡ് സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടണമെങ്കില്‍ രോഹിത് ശര്‍മ്മയും ഇശാന്ത് ശര്‍മ്മയും അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഓസ്ട്രേലിയയില്‍ എത്തണമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞിരുന്നു. ക്വാറന്‍്റീന്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നേരത്തെ എത്തിയില്ലെങ്കില്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുക ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 27ന് ഏകദിന പരമ്ബരയോടെയാണ് ഇന്ത്യന്‍ പര്യടനം ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്. ടെസ്റ്റ് പരമ്ബരക്കിടെ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളില്‍ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല.