ഐഎസ്‌എല്‍ ഏഴാം സീസണില്‍ ചുവപ്പു കാര്‍ഡ് കണ്ട ആദ്യ താരമാണ് മുംബൈ സിറ്റി എഫ്‌സിയുടെ മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അഹമ്മദ് ജാഹു. ശനിയാഴ്ച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരത്തിനിടെയാണ് ജാഹു ചുവപ്പു കാര്‍ഡ് കിട്ടി പുറത്തായത്. സംഭവം വിശദമായി വിലയിരുത്തിയ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി താരത്തിന് ചൊവാഴ്ച്ച ഔദ്യോഗിക താക്കീത് നല്‍കി. ഭാവിയില്‍ ഇത്തരമൊരു പ്രവൃത്തി ആവര്‍ത്തിക്കരുതെന്നും ആവര്‍ത്തിച്ചാല്‍ മാതൃകാപരമായി മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്നും അച്ചടക്ക സമിതി അഹമ്മദ് ജാഹുവിന് മുന്നറിയിപ്പ് നല്‍കി.

ബംബോലിം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ 42 ആം മിനിറ്റിലായിരുന്നു ജാഹുവിന്റെ വിവാദമായ ഇടപെടല്‍. നോര്‍ത്ത് ഈസ്റ്റ് താരം ഖാസ കമാരയെ ഇരുകാലുംവെച്ച്‌ വീഴ്ത്തുകയായിരുന്നു ജാഹു. ഇദ്ദേഹം നടത്തിയ അശ്രദ്ധമായ പരുക്കന്‍ ‘ടാക്കിളിനെ’ അച്ചടക്ക സമിതി നിശിതമായി വിമര്‍ശിക്കുന്നുണ്ട്. എതിര്‍ താരങ്ങളെ അപകടത്തിലാക്കുന്ന ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാകില്ലെന്ന നിലപാട് അച്ചടക്ക സമിതി ആവര്‍ത്തിച്ചു. എന്തായാലും ആദ്യതവണ കേവലം താക്കീതുകൊണ്ട് അഹമ്മദ് ജാഹു ‘രക്ഷപ്പെട്ടു’.

ഇതേസമയം, അച്ചടക്ക നടപടി നേരിടുന്നില്ലെങ്കിലും മുംബൈ സിറ്റി എഫ്‌സിയുടെ അടുത്ത മത്സരത്തില്‍ കളിക്കാന്‍ അഹമ്മദ് ജാഹുവിന് കഴിയില്ല. കാരണം ചുവപ്പു കാര്‍ഡ് കാണുന്നവര്‍ക്ക് അടുത്ത മത്സരത്തില്‍ കളിക്കാന്‍ യോഗ്യതയില്ല. ബുധനാഴ്ച്ച ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ എഫ്‌സി ഗോവയ്ക്ക് എതിരെയാണ് മുംബൈ സിറ്റി എഫ്‌സിയുടെ അടുത്ത അങ്കം. നേരത്തെ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വഴങ്ങിയ അപ്രതീക്ഷിത തോല്‍വി മുംബൈയുടെ പോരാട്ടവീര്യത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് മുംബൈക്ക് എതിരെ വിജയക്കൊടി പാറിച്ചത്. മറുഭാഗത്ത് എഫ്‌സി ഗോവ ബെംഗളൂരു എഫ്‌സിക്ക് എതിരെ രണ്ടു ഗോളുകളുടെ സമനില പിടിച്ചുകൊണ്ടാണ് കടന്നുവരുന്നതും.