തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന പ്രതിദിന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 1000 ഭക്തര്‍ക്കാണ് നിലവില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. ബുക്ക് ചെയ്തവരില്‍ ചിലര്‍ ദര്‍ശനത്തിന് എത്തുന്നില്ലെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ദര്‍ശനത്തിന് അനുമതി തേടി ദേവസ്വം ബോര്‍ഡിനെ സമീപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കിയത്.

സാമൂഹിക അകലം പാലിച്ച്‌ പ്രതിദിനം ശബരിമലയില്‍ 10,000 പേര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു വ്യക്തമാക്കി. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ ശബരിമലയിലെ നടവരവില്‍ വന്‍ കുറവാണുണ്ടായത്. ഇതോടെയാണ് പ്രതിദിനം ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തെ ആദ്യ ദിവസത്തെ വരുമാനം 3 കോടിയില്‍ അധികമായിരുന്നു. എന്നാല്‍ നട തുറന്ന് ഒരാഴ്ച ആകുമ്ബോഴും 50 ലക്ഷത്തില്‍ താഴെ മാത്രമാണ് നടവരവ്. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മാര്‍ച്ച്‌ മുതല്‍ ഇതുവരെ ഏകദേശം 350 കോടി രൂപയാണ് നഷ്ടമുണ്ടായത്.