കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്തി വി.കെ. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു നല്‍കില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ തീരുമാനം.

ഇബ്രാഹിം കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം തേടി. ഡിഎംഒ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ലേക്‌ഷോറില്‍ ലഭിക്കുന്ന ചികിത്സ സര്‍ക്കാര്‍ആശുപത്രിയില്‍ ലഭിക്കുമോ എന്നതില്‍ ഡി എം ഒ റിപ്പോര്‍ട് നല്‍കണം. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

അര്‍ബുദ ചികില്‍സയിലുള്ള ഇബ്രാഹിം കുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമെന്ന് മെഡിക്കല്‍ സംഘം കോടതിക്ക് റിപ്പാര്‍ട്ട് നല്‍കി. കീമോ തെറാപ്പി തുടരേണ്ടതുണ്ട്. 33 തവണ ലേക്‌ഷോറില്‍ പരിശോധന നടത്തി. ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടന്നും മെഡിക്കല്‍ സംഘം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ വിജിലന്‍സ് എതിര്‍ത്തു. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ബോധിപ്പിച്ചു. പാലം നിര്‍മാണത്തില്‍ മന്ത്രി എന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞിന് ഉത്തരവാദിത്തമുണ്ടായിരുന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.