കണ്ണൂര്‍: മാനസയുടെ അരുംകൊലയുടെ വാര്‍ത്തകള്‍ കേട്ട് ആകെ ഞെട്ടിവിറച്ചിരിക്കുകയാണ് കണ്ണൂര്‍ ജില്ലയൊന്നാകെ. എന്നാല്‍ നാറാത്ത് രണ്ടാം മൈലിലുള്ള പാര്‍വണം വീട്ടില്‍ അതിലേറെ സങ്കടമാണ്. കൂട്ടനിലവിളികളാണ് അവിടെ നിന്ന് ഉയരുന്നത്. സങ്കടകരമായ ദിവസമായിരുന്നു മാനസയുടെ വിയോഗം പിതാവ് മാധവന്‍ വൈകിയാണ് അറിഞ്ഞത്. കൊയിലി ആശുപത്രിക്ക് സമീപം ട്രാഫിക്ക ഡ്യൂട്ടിയിലായിരുന്നു മാധവന്‍. രണ്ട് മണിക്കൂറോളം ഡ്യൂട്ടിയില്‍ ഇരുന്ന ശേഷമാണ് മകളുടെ ദാരുണാന്ത്യം മാധവന്‍ അറിഞ്ഞത്.

മാധവനെ വാര്‍ത്ത അറിഞ്ഞ ബന്ധുക്കള്‍ നേരത്തെ തന്നെ വിളിച്ചിരുന്നെങ്കിലും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. മാനസയുടെ അമ്മ ടിവിയിലൂടെയാണ് വാര്‍ത്ത അറിഞ്ഞത്. അഞ്ചര വരെ ഗതാഗത നിയന്ത്രണത്തിലായിരുന്ന മാധവനെ പോലീസ് ഉദ്യോഗസ്ഥരാണ് വീട്ടിലെത്തിച്ചത്. മാനസയുടെ വീടിന് സമീപത്തെ നാല് വീടുകളും അടുത്ത ബന്ധുക്കളുടേതാണ്. മാനസയുടെ അമ്മ വീട് പുതിയതെരുവിലാണ്. അവധിക്ക് പകുതി ദിവസവും ഇവിടെയാണ് മാനസ താമസിക്കാറുള്ളത്. നാട്ടുകാരും വീട്ടുകാരുമെല്ലാം സംഭവം അറിഞ്ഞ് ഇവിടെ ഓടിക്കൂടിയിരിക്കുകയാണ്. മൂന്നാഴ്ച്ച മുമ്ബ് അവധി വീട്ടിലെത്തിയ മാനസ മരിച്ചെന്ന് ഇവര്‍ക്കും വിശ്വസിക്കാനാവുന്നില്ല.

അതേസമയം മേലൂര്‍ സ്വദേശിയാണ് രാഖിലെന്ന് നാട്ടുകാര്‍ ഞെട്ടല്ലോടെയാണ് കേട്ടത്. മേലൂരില്‍ വൈകീട്ട് ആറോടെ രാഖിലിനെ കുറിച്ചറിയാന്‍ പോലീസ് എത്തിയിരുന്നു. ഇയാള്‍ക്ക് സുഹൃത്ത് ബന്ധങ്ങളൊക്കെ കുറവാണ്. ആര്‍ക്കും രാഖിലിനെ കുറിച്ച്‌ അധികമൊന്നും അറിയുമായിരുന്നില്ല. സ്ഥലത്തെ രാഷ്ട്രീയ നേതാക്കളെ അടക്കം ബന്ധപ്പെട്ടാണ് പോലീസ് ഇവിടെയെത്തിയത്. അതേസമയം രാഖിലിന്റെ വീട്ടില്‍ ഇക്കാര്യം രാത്രി വരെ ആരും അറിഞ്ഞിരുന്നില്ല. രാഖിലിന്റെ പിതാവ് രഘുത്തമനും അമ്മ രജിതയും വീട്ടിലെ ടിവി കേടായത് കൊണ്ട് ഒന്നും അറിഞ്ഞിരുന്നില്ല.

പോലീസും നാട്ടുകാരും അടക്കം ഇവിടെയെത്തിയെങ്കിലും വീട്ടില്‍ കയറാന്‍ തയ്യാറായില്ല. ഇവര്‍ സംഭവം അറിയാത്തതായിരുന്നു പ്രശ്‌നം. പഞ്ചായത്തംഗത്തെ ഇവര്‍ വീട്ടിലേക്ക് പറഞ്ഞയച്ചപ്പോള്‍ വീട്ടിലുള്ളവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് വ്യക്തമായി. രാത്രിയോടെ പോലീസ് തന്നെയാണ് ഈ വിവരം രാഖിലിന്റെ മാതാപിതാക്കളെ അറിയിച്ചത്. പിതാവ് രഘുത്തമന്‍ ഒന്നും പറയാന്‍ പറ്റാതെ തളര്‍ന്ന് ഇരുന്നുപോയി. എറണാകുളത്ത് ഇന്റര്‍വ്യൂവിന് പോകുന്നുവെന്ന് പറഞ്ഞാണ് രാഖില്‍ വീട്ടില്‍ നിന്ന് പോയത്. മേലൂരില്‍ സുഹൃത്തുക്കളേ ഇയാള്‍ക്കില്ലായിരുന്നു. വീട്ടിലെത്തിയാല്‍ മകന്‍ പുറത്തിറങ്ങാറുമില്ലെന്ന് മാതാപിതാക്കളും പറയുന്നു.

ആരോടും അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല മകന്റേതെന്ന് രഘുത്തമന്‍ പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് രഘുത്തമന്റെ കുടുംബം പള്ളിയാംമൂലയില്‍ നിന്ന് മേലൂരിലെത്തി താമസമാക്കുന്നത്. അച്ഛന്റെ സഹോദരിമാര്‍ക്കൊപ്പമായിരുന്നു രാഖിലിന്റെ താമസം. രാഖില്‍ ബെംഗളൂരുവില്‍ എംബിഎ കഴിഞ്ഞിരുന്നു. പിന്നീട് ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്തേക്ക് മാറി. ഇത്രമാത്രമാണ് നാട്ടുകാര്‍ക്ക് അറിയാവുന്ന വിവരം. നാട്ടുകാരുമായി യാതൊരു ബന്ധവും ഇയാള്‍ക്കില്ലായിരുന്നു.