ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അപ്രതീക്ഷിതമായ നടത്തിയ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ്. ഈയിടെ അവസാനിച്ച ഇന്ത്യയ്ക്കെതിരായ പരമ്ബരയില്‍ താരം പങ്കെടുത്തിരുന്നു. അതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

“പുതിയ തലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നു. എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച്‌ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട് -ഉദാന തന്റെ ടിറ്ററില്‍ കുറിച്ചിരിക്കുകയാണ്.
ഉദാനയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് ശ്രീലങ്ക ക്രിക്കറ്റ് രംഗത്തെത്തി. ടീമിനെ സംബന്ധിച്ചിടത്തോളം ഉദാന വിലപ്പെട്ട താരമാണെന്നും ശ്രീലങ്ക ക്രിക്കറ്റ് അഭിപ്രായപ്പെട്ടു.

ശ്രീലങ്കയ്ക്ക് വേണ്ടി 21 ഏകദിനങ്ങളും 35 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള ഉദാന രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നുമായി 45 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇടം കൈയ്യന്‍ പേസറായ ഉദാന ഇന്ത്യയ്ക്കെതിരേ ഈയിടെ അവസാനിച്ച ട്വന്റി 20 പരമ്ബരയില്‍ കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. 33 വയസ്സുകാരനായ ഉദാന ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരമായിരുന്നു.