തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയ്‌ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാതാവിന് കൂട്ടിരുന്ന മാനസികവെല്ലുവിളി നേരിടുന്ന യുവതിയാണ് പീഡനത്തിനിരയായത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് പെണ്‍കുട്ടിയുടെ മാതാവ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കായി ആഹാരം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ കാറില്‍ എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് തിരികെ ആശുപത്രിയില്‍ ഇറക്കിവിട്ടു.

പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മറ്റു രോഗികളുടെ കൂട്ടിരിപ്പുകാര്‍ വിവരം തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് ആശുപത്രിയില്‍ എത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി.