ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലോകകപ്പ് സമ്മാനിച്ച രണ്ട് ക്യാപ്റ്റന്മരാണ് എംഎസ് ധോണിയും. 1983 ല്‍ ‘കപില്‍ദേവിന്റെ ചെകുത്താന്മാര്‍’ ആദ്യമായി ഇന്ത്യയില്‍ ലോകകപ്പ് എത്തിച്ചു. ഇതിന് ശേഷം എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പടയാണ് 2007 ടി-20 ലോകപ്പും 2011 ലെ ലോകകപ്പും ഇന്ത്യയില്‍ എത്തിക്കുന്നത്.

കപില്‍ദേവിന്റെ ടീം ഇലവനില്‍ ആരൊക്കെ ഉണ്ടാകും? ബോളിവുഡ് നടി നേഹ ദൂപ്പിയയുടെ ‘നോ ഫില്‍ട്ടര്‍ നേഹ’ എന്ന ചാറ്റ് ഷോയില്‍ കപില്‍ തന്റെ ഡ്രീം ഇലവനെ കുറിച്ച്‌ പറയുകയാണ്. ഏകദിന ടീമില്‍ താന്‍ ഉള്‍പ്പെടുത്തുന്ന താരങ്ങളെ കുറിച്ച്‌ കപില്‍ദേവ് പറയുന്നത് ഇങ്ങനെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ് എന്നിവരാണ് കപിലിന്റെ ഏകദിന ടീമിലെ അംഗങ്ങള്‍. വിക്കറ്റ് കീപ്പറായി മഹേന്ദ്ര സിങ് ധോണി മാത്രമായിരിക്കും ഉണ്ടാകുക. അദ്ദേഹത്തിന്റെ സ്ഥാനം മറ്റാര്‍ക്കും തൊടാനാകില്ല. കപില്‍ദേവ് പറയുന്നു.

സഹീര്‍ ഖാന്‍, ശ്രീശാന്ത്, ബൂംറ, അനില്‍ കുംബ്ലേ, ഹര്‍ഭജന്‍ സിങ് തുടങ്ങിയ താരങ്ങളേയും കപില്‍ തന്റെ ടീമില്‍ ഉള്‍പ്പെടുത്തി.

അതേസമയം, ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് നായകന്‍ പിതൃത്വ അവധി നല്‍കിയതിനെ അനുകൂലിച്ച്‌ കപില്‍ ദേവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ പിതൃത്വ അവധിപോലൊരു കാര്യം ലഭിക്കുന്നത് അസാധ്യമായിരുന്നെന്നും കപില്‍ദേവ് പറഞ്ഞു.

ഡിസംബര്‍ മുതല്‍ ജനുവരി വരെ നടക്കുന്ന നാല് ടെസ്റ്റ് മത്സരത്തിനിടയ്ക്കാണ് വിരാട് കോഹ്ലിക്ക് അവധി നല്‍കിയിരിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. കോഹ്ലിയുടെ അഭാവം ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയും വിലയിരുത്തലും ഇതിനിടയില്‍ പല ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ കോഹ്ലിയുടെ അഭാവം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗുണകരാമാകുമെന്ന അഭിപ്രായമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ നടത്തിയത്. കോഹ്ലി ഇല്ലാതിരുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം വിജയിച്ചിട്ടുണ്ട്. കോഹ്ലിയുടെ അഭാവം പരിഹരിക്കാന്‍ മറ്റ് താരങ്ങള്‍ കൂടുതല്‍ ശ്രമിക്കുമെന്നാണ് ഗവാസ്കര്‍ വിലയിരുത്തുന്നത്.