പുല്‍വാമ: കൊടും ഭീകരന്‍ മസൂദ് അസറിന്റെ മരുമകനും പുല്‍വാമാ ഭീകരാക്രമണത്തിന്റെ മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളുമായ മുഹമ്മദ് ഇസ്‌മയീല്‍ എന്ന ലംബുവിനെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഇയാളുടെ മരണം.

അദ്‌നാന്‍, ലംബു എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാള്‍ നേതൃത്വം നല്‍കിയാണ് പുല്‍വാമാ ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്. 40 സിആര്‍‌പിഎഫ് ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ഇയാള്‍ക്കൊപ്പം മറ്റൊരു ഭീകരനെയും സുരക്ഷാ സേന വധിച്ചു.

ജമ്മു കാശ്‌മീരിലെ ജയ്‌ഷെ മുഹമ്മദ് കമാന്ററായിരുന്നു ഇയാള്‍. 2017 ജനുവരിയില്‍ ഇന്ത്യയിലെത്തിയ ഇയാള്‍ ഇവിടെ ഒളിച്ചുതാമസിച്ച്‌ ഓരോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. മുന്‍പ് ബുഡ്ഗാമില്‍ സുരക്ഷാ സേനയുമായുള‌ള ഏറ്റുമുട്ടലില്‍ ഇയാള്‍ പങ്കെടുത്തതായാണ് വിവരം. താലിബാന് വേണ്ടി ഇയാള്‍ അഫ്ഗാനില്‍ പോയിട്ടുള‌ളതായും വിവരമുണ്ട്.

പൊലീസിനും സുരക്ഷാ സൈന്യത്തിനും നേരെ വന്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ വൈദഗദ്ധ്യം നേടിയയാളായിരുന്നു ഇയാള്‍. പുല്‍വാമയ്‌ക്ക് സമീപത്തെ അവന്തിപൊര, കക്പോര എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനും യുവാക്കളെ ജയ്ഷെ മുഹമ്മദിലേക്ക് കൊണ്ടുവരാന്‍ മുഖ്യപങ്ക് വഹിച്ചിരുന്നതും ഇയാളാണ്.