തിരുവനന്തപുരം: വറുതിക്കിടയിലും ഭക്തരെ പിഴിയാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളിലെ വഴിപാടുകളുടേയും പ്രസാദങ്ങളുടേയും നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

കൊറോണ കാരണം ക്ഷേത്രങ്ങളിലേക്ക് ഭക്തരുടെ പ്രവേശനം വിലക്കിയതോടെ ദേവസ്വം ബോര്‍ഡുകള്‍ക്ക് വരുമാനമില്ലാതായി. പ്രതിദിന ചിലവിനും ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനും പണമില്ലാതായതോടെയാണ് വഴിപാട് നിരക്ക് വര്‍ദ്ധിപ്പിച്ച്‌ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗമായ ശബരിമലയില്‍ മണ്ഡല മകരവിളക്ക് സമയത്ത് പോലും പ്രവേശിക്കാവുന്നവരുടെ എണ്ണം പരിമിതമായിരുന്നു. ഇതിലുടെ കോടികളുടെ നഷ്ടമാണുണ്ടായത്. ക്ഷേത്രങ്ങളിലെ നിത്യപൂജയ്‌ക്ക് ഉപയോഗിക്കാത്ത പാത്രങ്ങള്‍ വിറ്റ് പണം കണ്ടെത്താനുള്ള ബോര്‍ഡിന്റെ നീക്കം ഭക്തരുടെ പ്രതിഷേധം ഉയര്‍ന്നതോടെ ഉപേക്ഷിച്ചിരുന്നു.

സര്‍ക്കാറിനോട് പലതവണ സാമ്ബത്തിക സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും നല്‍കാന്‍ ധനവകുപ്പ് തയ്യാറായില്ല ഇതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുറിവഴി തേടിയത്. ശബരിമലയില്‍ അരവണയുടെ വില 80 ല്‍ നിന്ന് 100 ഉം അപ്പ വില 30 ല്‍ നിന്ന് 50 അക്കാനുമാണ് നീക്കം. മറ്റു ക്ഷേത്രങ്ങളിലും വഴിപാട് നിരക്ക് ഉയര്‍ത്തും. ദേവസ്വം കമ്മീഷണര്‍ അദ്ധ്യക്ഷനായ കമ്മറ്റി രൂപീകരിക്കുകയും പഠനം നടത്തുകയും ചെയ്തിരുന്നു. ഈ കമ്മറ്റി ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്നതിനനുസരിച്ച്‌ നിരക്ക് ഉയര്‍ത്തും.

വിശ്വാസത്തിനും ആചാരങ്ങള്‍ക്കും വില നല്‍കാത്ത സര്‍ക്കാര്‍ സാമ്ബത്തിക ബുദ്ധിമുട്ടുണ്ടായതോടെ വിശ്വാസികളെ പിഴിയാനൊരുങ്ങുകയാണ്.