ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. കർണാടകത്തിന്റെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തുവെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ബസവരാജ് ബൊമ്മെ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, പ്രഹ്ലാദ് ജോഷി തുടങ്ങിയവരുമായും ബസവരാജ് ബൊമ്മെ കൂടിക്കാഴ്ച നടത്തിയിരുന്നു. കർണാടകയിൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നത്.