ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് അമ്പയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. റഷ്യന്‍ ഒളിമ്ബിക്സ് കമ്മിറ്റിയുടെ കെസീന പെറോവയെ മറികടന്നത് ഷൂട്ട് ഓഫിലായിരുന്നു. ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കിയത്. സ്കോര്‍: 6-5. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയന്‍ താരമായിരിക്കും ദീപികയുടെ എതിരാളി.

ഇന്ത്യന്‍ സമയം ഇന്ന് 11.30നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. നിശ്ചിത അഞ്ചു സെറ്റുകളില്‍ ഇരുതാരങ്ങളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. ഷൂട്ട് ഓഫില്‍ ലോക ഒന്നാം നമ്ബര്‍ താരമായ ദീപിക 10 പോയിന്റ് നേടി. സ്കോര്‍: 28-25, 26-27, 28-27, 26-26, 25-28, 10-8.

അതേസമയം, വനിതകളുടെ 64-69 കിലോഗ്രാം ബോക്സിങില്‍ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോഹൈന്‍ സെമിയില്‍ കടന്നു. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പേയിയുടെ നിയെന്‍ ചിന്‍ ചെനിനെയാണ് ലോവ്ലിന തോല്‍പ്പിച്ചത്. സ്കോര്‍: 4-1. ലോവ്ലിന സെമിയില്‍ കടന്നതോടെ ഇന്ത്യക്ക് വെങ്കല മെഡല്‍ ഉറപ്പായി.