അമ്പലപ്പുഴ: മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശം കൊവിഡ് വ്യാപനത്തിനു കാരണമാകുന്നു. ഒപിയില്‍ ഉള്‍പ്പെടെയെത്തുന്നവര്‍ ആന്റിജന്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചില വിഭാഗങ്ങള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ദിവസങ്ങളില്‍ ഒരേ സമയം നൂറുകണക്കിന് പേരാണ് ഒപി ചീട്ടെടുക്കാനും ചികിത്സ തേടാനുമായി എത്തുന്നത്.

ഡോക്ടറെ കാണണമെങ്കില്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന ആശുപത്രി അധികൃതരുടെ പുതിയ നിര്‍ദേശമാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിലാക്കുന്നത്. ആന്റിജന്‍ പരിശോധന നടത്തി ഫലം ലഭിക്കുമ്പോള്‍ സമയം കുറേയാകും. ഇതിനു ശേഷം ഒപിയിലെത്തുമ്ബോള്‍ പലപ്പോഴും ഡോക്ടറും കാണില്ല. കഴിഞ്ഞ ഏതാനും ദിവസമായി ആശുപത്രിയില്‍ മുന്‍പെങ്ങുമില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

അതു കൊണ്ടു തന്നെ സാമൂഹികാകലം പാലിക്കുകയെന്നത് കാറ്റില്‍പ്പറക്കുകയാണ്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ പലരും ശരിയായി ഉപയോഗിക്കാറുമില്ല.ഇത് കോവിഡ് വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്. കോവിഡ് പരിശോധനാ കേന്ദ്രം കോവിഡ് പടര്‍ത്തുന്ന കേന്ദ്രമായും മാറിയിരിക്കുകയാണ്.