കൊച്ചി: മനുഷ്യരാശിക്ക് എക്കാലത്തും മാതൃകയായ ജീവിതമാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റേതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലളിതമായ ജീവിതശൈലിയും ഉന്നതമായ ചിന്തകളും കര്‍മ്മനിരതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം വിദ്യാര്‍ഥി സമൂഹം പാഠമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. കലാമിന്റെ ചരമദിനത്തില്‍ വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കലാസ്മൃതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഡോ. കലാമിന്റെ സഹയാത്രികനും ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാനും വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. ജി. മാധവന്‍നായര്‍ ചടങ്ങില്‍ അധ്യക്ഷനായി. കലാമുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) ചെയര്‍മാന്‍ ഡോ. അനില്‍ ഡി. സഹസ്രബുദ്ധേ മുഖ്യപ്രഭാഷണം നടത്തി. നൂതന സാങ്കേതികവിദ്യ വിനിയോഗിച്ച്‌ വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ച മഹാനായിരുന്നു ഡോ. കലാമെന്ന് അദ്ദേഹം പറഞ്ഞു. പരാജയങ്ങളില്‍ പതറാതെ മുന്നേറാന്‍ കലാം പകര്‍ന്ന സന്ദേശം വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഫൗണ്ടേഷന്‍ സിഇഒ ഡോ. ഇന്ദിര രാജന്‍ ആമുഖ പ്രഭാഷണവും നടത്തി. ഡോ. കലാമിന്റെ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ കണ്ടെത്തിയ പ്രശ്‌നങ്ങളും അവയ്ക്ക് പരിഹാരമാര്‍ഗങ്ങളും അക്ഷരജ്യോതി ഐഡിയേറ്റ് മത്സരത്തിലെ വിജയികള്‍ അവതരിപ്പിച്ചു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 3,500 വിദ്യാര്‍ഥികളും വിദ്യാഭ്യാസ വിദഗ്ദ്ധരും പങ്കെടുത്തതായി ഫൗണ്ടേഷന്‍ ഡയറക്ടര്‍ സുചിത്ര ഷൈജിന്ത് അറിയിച്ചു. 2011 ല്‍ ഡോ. കലാം തുടക്കം കുറിച്ചതാണ് കൊച്ചി ആസ്ഥാനമായ വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന്‍.