ഭോപ്പാല്‍: കഠിനാധ്വാനവും അര്‍പ്പണബോധവുമുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ നര്‍സിംഗ്പൂര്‍ സ്വദേശിയായ തപസ്യ പരിഹാര്‍. 2017ല്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപി‌എസ്‌സി) നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ (സി‌എസ്‌ഇ) 23-ാം റാങ്കാണ് തപസ്യ നേടിയത്.

കോച്ചിംഗ് ക്ലാസുകള്‍ക്ക് പോകാതെ ലക്ഷ്യം നേടാന്‍ സ്വയം പഠിച്ച്‌ പരീക്ഷ എഴുതുകയായിരുന്നു തപസ്യ. ആദ്യ ശ്രമത്തില്‍ പരാജയം നേരിട്ടതോടെ കോച്ചിംഗ് ക്ലാസുകള്‍ ഉപേക്ഷിച്ച്‌ അടുത്ത വര്‍ഷത്തേക്ക് സ്വയം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. യു‌പി‌എസ്‌സി സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ രണ്ടാമത്തെ ശ്രമത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതോടെ തപസ്യ തന്ത്രം മാറ്റി പയറ്റിയിരുന്നു. തപസ്യയുടെ ആദ്യത്തെ ലക്ഷ്യം കഴിയുന്നത്ര കുറിപ്പുകള്‍ തയ്യാറാക്കി ചോദ്യ പേപ്പറുകള്‍ പരിഹരിക്കുക എന്നതായിരുന്നു. ഈ രീതിയിലുള്ള കഠിനാധ്വാനം ഫലം കണ്ടു. 2017ല്‍ ഓള്‍ ഇന്ത്യ തലത്തില്‍ 23-ാം റാങ്ക് തപസ്യ ഉറപ്പിച്ചു. തപസ്യയുടെ പിതാവ് വിശ്വാസ് പരിഹാര്‍ ഒരു കര്‍ഷകനാണ്, അമ്മാവന്‍ വിനായക് പരിഹാര്‍ ഒരു സാമൂഹിക പ്രവര്‍ത്തകനാണ്. മുത്തശ്ശി ദേവ്കുന്‍വര്‍ പരിഹാര്‍ നര്‍സിംഗ്പൂര്‍ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. സിവില്‍ സര്‍വ്വീസിന് തയ്യാറെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, വീട്ടുകാര്‍ യാതൊരു മടിയും കൂടാതെ തപസ്യയെ പിന്തുണച്ച്‌ ഒപ്പം നിന്നു.

തപസ്യ കേന്ദ്ര വിദ്യാലയത്തില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി പൂനെയിലെ ഇന്ത്യന്‍ ലോ സൊസൈറ്റിയുടെ ലോ കോളേജിലാണ് നിയമ പഠനം നടത്തിയത്. ഈ മാസം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറായ ഗാര്‍വിത് ഗാംഗ്‌വാര്‍ തപസ്യയെ വിവാഹം കഴിച്ചു.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, റവന്യൂ സര്‍വീസ്, പോലീസ് സര്‍വീസ്, കൂടാതെ നിരവധി അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യരെ തെരഞ്ഞെടുക്കുന്നതിനായി എല്ലാ വര്‍ഷവും നടത്തുന്ന രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷകളില്‍ ഒന്നാണ് യുപിഎസ്സി സിഎസ്‌ഇ. സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്ന് ഘട്ട പരീക്ഷകളിലൂടെ കടന്നുപോകണം.

ഈ വര്‍ഷത്തെ യു‌പി‌എസ്‌സി സിവില്‍ സര്‍വ്വീസ് പരീക്ഷ ഒക്ടോബര്‍ 10 ന് നടത്തും. സാധാരണയായി ഇത് ജൂണ്‍ മാസത്തിലാണ് നടത്താറുള്ളത്. എന്നാല്‍ ഈ വര്‍ഷം കോവിഡ് രണ്ടാം തരംഗം കാരണം പരീക്ഷ വൈകുകയായിരുന്നു. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷയ്ക്ക് ഹാജരാകുന്നത്.

2020ലെ സിവില്‍ സര്‍വീസസ് അഭിമുഖം ആഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കാനാണ് തീരുമാനം. രാജ്യത്ത് കോവിഡ്-19 രോഗബാധ വര്‍ധിച്ച സാഹചര്യത്തിലാണ് 2021 ഏപ്രില്‍ മാസം ആരംഭിച്ച അഭിമുഖ നടപടികള്‍ നിര്‍ത്തി വെക്കേണ്ടി വന്നത്. നിലവിലെ സാഹചര്യ കണക്കിലെടുത്താണ് അഭിമുഖവുമായി മുന്നോട്ടുപോകാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) തീരുമാനിച്ചിരിക്കുന്നത്.