ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് (Covid) വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് വി​​ദ​ഗ്ധ സംഘത്തെ അയയ്ക്കാന്‍ കേന്ദ്ര (Central Government) തീരുമാനം. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്കെ സിം​ഗിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കേരളത്തിലെത്തും.

ആറ് പേരടങ്ങുന്ന വിദ​ഗ്ധ സം​ഘത്തെയാണ് കേന്ദ്രം അയയ്ക്കുന്നത്. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 1.54 ലക്ഷം സജീവ കേസുകളില്‍ 37.1 ശതമാനവും കേരളത്തില്‍ നിന്നാണ്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ (Covid Cases) എണ്ണവും കേരളത്തില്‍ വളരെ കൂടുതലാണ്.

സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവയാണ് കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകള്‍. കേരളത്തില്‍ 10 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ടിപിആര്‍ (Test positivity rate) നിരക്ക് കൂടിയ ജില്ലകളില്‍ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കരുതെന്നും നിയന്ത്രണം കര്‍ശനമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.