കൊച്ചി: സ്റ്റെല്ലാന്റിസ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന നേതൃത്വ നിയമനങ്ങള്‍ പ്രഖ്യാപിച്ചു.സൗരഭ് വത്സ, നിപുണ്‍ ജെ മഹാജന്‍ എന്നിവര്‍, യഥാക്രമം സിട്രോണ്‍ ബ്രാന്‍ഡിന്റെയും ജീപ്പ് ബ്രാന്‍ഡിന്റെയും ചുമതല വഹിക്കും.

ഇന്ത്യയിലെ സിട്രോണിന്റെ സെയില്‍സ്, മാര്‍ക്കറ്റിങ്, ആഫ്റ്റര്‍ സെയില്‍സ്, പ്രൊഡക്റ്റ് പ്ലാനിങ്, പിആര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്വമായിരിക്കും പുതിയ ചുമതലയില്‍ സൗരഭ് വത്സ വഹിക്കുക. 25 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള ഈ രംഗത്തെ വിദഗ്ധനായ സൗരഭ്, 2018ല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ സീനിയര്‍ ഡയറക്ടര്‍ ആയാണ് പിഎസ്എയില്‍ ചേര്‍ന്നത്. സിട്രോണ്‍ ബ്രാന്‍ഡും സി5 എയര്‍ക്രോസ് എസ്യുവിയും ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
ജീപ്പ് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ സെയില്‍സ്, മാര്‍ക്കറ്റിങ്, ആഫ്റ്റര്‍ സെയില്‍സ്, പ്രൊഡക്റ്റ് പ്ലാനിങ്, പിആര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ചുമതലയായിരിക്കും നിപുണ്‍ ജെ മഹാജന്. ഓട്ടോമോട്ടീവ് വ്യവസായത്തില്‍ 25 വര്‍ഷത്തിലേറെ പരിചയമുള്ള നിപുണ്‍, സെയില്‍സ് ഓപറേഷന്‍സ് ആന്‍ഡ് നെറ്റ്വര്‍ക്ക് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് 5 വര്‍ഷമായി ജീപ്പ് ബ്രാന്‍ഡിനൊപ്പമുണ്ട്. ജീപ്പ് ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിലും ജീപ്പ് കോമ്പസിന്റെ 50,000 വില്‍പന നാഴികക്കല്ല് നേടുന്നതിലും നിപുണ്‍ പ്രധാന പങ്കുവഹിച്ചു.
ഇന്ത്യന്‍ നേതൃത്വ ടീമിലേക്ക് സൗരഭിനെയും നിപുണിനെയും സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടനാണെന്ന് സ്റ്റെല്ലാന്റിസ് ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ റോളണ്ട് ബൗചാര പറഞ്ഞു.ഇരുവരുടെയും മികച്ച നേട്ടങ്ങളും സമ്പന്നമായ വ്യവസായ അനുഭവവും, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ഗ്രൂപ്പിനും ഏറെ പ്രയോജനകരമാവുമെന്നും അദ്ദേഹം പറഞ്ഞു.