തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍അനില്‍ അറിയിച്ചു. 15 ഭക്ഷ്യവസ്തുക്കളും തുണിസഞ്ചിയും അടങ്ങുന്നതാണ് ഈ വര്‍ഷത്തെ ഓണക്കിറ്റ്. പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കില്‍ പാലട, കശുവണ്ടി, ഏലയ്ക്ക, നെയ്യ് എന്നിവയ്ക്ക് പുറമേ ഒരു കിലോ പഞ്ചസാരയും അരലീറ്റര്‍ വെളിച്ചെണ്ണയും ഒരു കിലോ ആട്ടയും കിറ്റിലുണ്ടാകും. പഴയ സ്റ്റോക്കിലുള്ള സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.അടുത്തമാസം പത്തിന് ജില്ലാ കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് ഓണകിറ്റ് വിതരണം ആരംഭിക്കുന്നത്. റേഷന്‍ കടകള്‍ വഴി എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും 15 ഇനങ്ങളടങ്ങിയ കിറ്റ് ലഭിക്കും. ഓണത്തിന് മുന്‍ഗണനാവിഭാഗക്കാര്‍ക്ക് ഒരു ലീറ്ററും മറ്റ് വിഭാഗങ്ങള്‍ക്ക് അരലീറ്റര്‍ മണ്ണെണ്ണയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണാ ക്രമത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുക. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 31നാണ് കിറ്റുകള്‍ ലഭിക്കുക. ആഗസ്റ്റ് 2, 3 തീയതികളിലും പിങ്ക് കാ‌ര്‍ഡിന് ആഗസ്റ്റ് 4 മുതല്‍ 7 വരെയും നീല കാര്‍ഡിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും വെള്ള കാര്‍ഡിന് ആഗസ്റ്റ് 13 മുതല്‍ 16 വരെയും കിറ്റുകള്‍ വിതരണം ചെയ്യും.