രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 31,528,114 ആയി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

38,465 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 30,701,612 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 97.38 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,28,795 സാമ്ബിളുകളാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്ബിളുകളുടെ എണ്ണം 46,26,29,773 ആയി ഉയര്‍ന്നു. രാജ്യത്ത് 4,03,840 സജീവ കേസുകളാണ് നിലവിലുള്ളത്.

വാക്‌സിനേഷന്‍ നടപടികളും പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 45,07,06,257 പേര്‍ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 640 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 422,695 ആയി.

രാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയിലേറെ കേസുകളും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 22056 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്രസംഘം വീണ്ടും സംസ്ഥാനത്തെത്തും.