തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവരെ പ്രതിരോധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയിലെ സംഭവങ്ങളില്‍ അംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന പതിവ് രാജ്യത്തുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്, ബിഹാര്‍, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ സംഭവങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിച്ചത്. രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ലീലാവിലാസമായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ;

‘1988 ജനുവരിയില്‍ തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ തമ്മില്‍ അടിപിടിയുണ്ടായി. മൈക്കും സ്റ്റാന്‍ഡും ചെരിപ്പും ഉപയോഗിച്ച്‌ അംഗങ്ങള്‍ പരസ്പരം ആക്രമിച്ചു. കോണ്‍ഗ്രസ്, ഡിഎംകെ,എഡിഎംകെ അംഗങ്ങള്‍ തമ്മിലായിരുന്നു ആക്രമണം. ഒടുവില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നത് വരെയെത്തി. 1989 മാര്‍ച്ച്‌ 25ന് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ അടിപിടിയുണ്ടായി. കരുണാനിധി, ജയലളിത എന്നിവരുള്‍പ്പെടെ ആക്രമിക്കപ്പെട്ടു. ഡിഎംകെ-എഡിഎംകെ അംഗങ്ങള്‍ തമ്മിലായിരുന്നു അടി നടന്നത്.

1997 ഒക്ടോബര്‍ 22ന് ഉത്തര്‍പ്രദേശില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിയമസഭയ്ക്കുള്ളില്‍ വലിയ തോതില്‍ അക്രമമുണ്ടായി. സ്പീക്കര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കസേര, പലക, മൈക്ക്, മറ്റുപകരണങ്ങള്‍ എന്നിവ ഒക്കെ ഉപയോഗിച്ചാണ് അംഗങ്ങള്‍ പരസ്പരം ആക്രമിച്ചത്. ആംബുലന്‍സ് എത്തിയാണ് പലരെയും ആശുപത്രിയിലാക്കിയത്. കോണ്‍ഗ്രസ്, ബിജെപി, എസ്പി, ബിഎസ്പി അംഗങ്ങള്‍ പരസ്പരം ആക്രമിച്ചു. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ അക്രമസംഭവമായിരക്കുമിത്.

2007 സെപ്തംബര്‍ 14ന് ഡല്‍ഹി നിയമസഭയിലെ ഒരു കോണ്‍ഗ്രസ് അംഗം ബിജെപി ചീഫ് വിപ്പിനെ തല്ലി. 2009 ഡിസംബര്‍ പത്തിന് മഹാരാഷ്ട്ര നിയമസഭയിലെ ഒരംഗം മറ്റൊരംഗത്തെ തല്ലി. സത്യപ്രതിജ്ഞാ വാചകം മറാഠിയില്‍ ചൊല്ലാതെ ഹിന്ദിയില്‍ ചൊല്ലി എന്ന് പറഞ്ഞാണ് സഭയ്ക്കുള്ളില്‍ വച്ചു തന്നെ ആക്രമണമുണ്ടായത്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ അംഗം സമാജ് വാദി അംഗത്തെയാണ് മര്‍ദിച്ചത്. 2011 ഡിസംബറില്‍ ഒഡിഷ നിയമസഭാ സ്പീക്കര്‍ക്ക് നേരെ ഒരു കോണ്‍ഗ്രസ് അംഗം കസേരയെറിഞ്ഞു. സ്പീക്കര്‍ ബിജു ജനതാദള്‍ അംഗമായിരുന്നു.

2013ല്‍ തമിഴ്‌നാട് നിയമസഭയില്‍ ഡിഎംഡികെയില്‍പ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തല്ലി. റിബല്‍ അംഗം മുഖ്യമന്ത്രിയെ പ്രകീര്‍ത്തച്ചതായിരുന്നു കാരണം. 2014ല്‍ തെലങ്കാന ബില്‍ രൂപീകരണ അവതരണ സമയത്ത് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് കുരുമുളക് സ്പ്രേ ഉപയോഗിച്ചു. 2017 മെയില്‍ ഡല്‍ഹി നിയമസഭാംഗമായിരുന്ന ആപ് അംഗത്തെ മറ്റു ആപ് അംഗങ്ങള്‍ സഭയില്‍ നിന്ന് വലിച്ചിഴച്ചു പുറത്താക്കി. 2019 ഡിസംബറില്‍ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപി-ശിവസേന അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 2021 മാര്‍ച്ച്‌ 23ന് ബിഹാറിലെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറെ ചേംബറില്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അവരെ ബലമായി നീക്കം ചെയ്തു. ഉന്തിലും തള്ളിലും ഒരു ആര്‍ജെഡി അംഗത്തിന് പരിക്കേറ്റു. 2021 ജൂലൈയില്‍ മഹാരാഷ്ട്ര അസംബ്ലിയില്‍ ബിജെപി എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിലെത്തി കൈയാങ്കളി നടത്തി. സ്പീക്കര്‍ എന്‍സിപി അംഗമായിരുന്നു.

ബിഹാര്‍ സഭയില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെയാണ് കേസെടുത്തത്. എംഎല്‍എയുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കുന്ന പതിവ് പൊതുവെ രാജ്യത്തുണ്ടായിട്ടില്ല. ഇന്ത്യന്‍ നിയമസഭയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രീതി പിന്തുടരാനാണ് യുഡിഎഫ് ശ്രമിച്ചത്. നിയമസഭയുടെ പ്രിവിലേജുമായി ബന്ധപ്പെട്ട സംവിധാനത്തെ നിലനിര്‍ത്താനാണ് സംസ്ഥാന സര്‍ക്കര്‍ ശ്രമിച്ചത്. നിയമസഭയ്ക്ക് അകത്തെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും എതിരെ ഒരു കേസ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

ഇതൊരു പുതിയ സംഭവമാണെന്ന് തോന്നും വിധം പര്‍വതീകരിച്ചു ചിത്രീകരിക്കുന്നത് യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.നിയമസഭയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാകേണ്ടതില്ല എന്ന നയം നമ്മുടെ അന്തസ്സ് തകര്‍ക്കാനേ ഉപകരിക്കൂ.

രാഷ്ട്രീയ താത്പര്യത്തിനു വേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ലീലാവിലാസമായി മാത്രമേ ഇത് കാണാന്‍ കഴിയുകയുള്ളൂ. പാര്‍ലമെന്ററി പ്രവിലേജിന്റെ അതിര് ഏതുവരെ എന്ന പ്രശ്‌നം സുപ്രിംകോടതി പരിശോധിച്ചിട്ടുണ്ട്. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ല. ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടുമില്ല. അതു കൊണ്ടു തന്നെ ഈ വിധത്തിലുള്ള അടിയന്തര പ്രമേയത്തിന് പ്രസക്തിയില്ല. നേരത്തെ, ഒരു വിജിലന്‍സ് കോടതി പാമോലിന്‍ കേസ് മുന്‍ നിര്‍ത്തി കേസെടുക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ആ ജഡ്ജിയെ ഗവ. ചീഫ് വിപ്പ് തന്നെ മ്ലേച്ഛമായ ഭാഷില്‍ അധിക്ഷേപിച്ചത് മറക്കാവുന്നതല്ല.

നിയമനിര്‍മാണ സഭ ഒരു പരമാധികാര സഭയാണ്. നടപടിക്രമങ്ങളുടെ ചട്ടങ്ങളുടെ കസ്റ്റോഡിയന്‍ സ്പീക്കറാണ്. സഭയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ സഭയില്‍ തീരണം. അത് പുറത്തേക്ക് കൊണ്ടുപോകുന്നത് അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെയാകും ശക്തിപ്പെടുത്തുക. സഭയിലെ കാര്യങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഒരു കേസിന് രണ്ടു ശിക്ഷ എന്നത് നിയമതത്വങ്ങള്‍ക്ക് തന്നെ എതിരാണ്. സഭയിലെ അംഗങ്ങളെ അന്നത്തെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തതാണ്. അതൊരു ശിക്ഷയാണ്’

അതിനിടെ, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു പുറത്തുപോയി.