മുട്ടില്‍ മരം മുറി കേസിലെ മുഖ്യപ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍,ഡ്രൈവര്‍ വിനീഷ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നു.
ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അമ്മ മരിച്ചതിനെ തുടര്‍ന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് പ്രത്യേക സംഘം കുറ്റിപ്പുറത്ത് വച്ച്‌ മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.
അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാനായി പ്രതികളുടെ വാഴവറ്റയിലെ വീട്ടിലെത്തിക്കും. സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന് ഇന്നലെ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതികളെ ജില്ലയിലെത്തിച്ചത്.