കോഴിക്കോട്: പിളര്‍പ്പിനെ തുടര്‍ന്ന് ഐഎന്‍എലിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉടമസ്ഥതയെ ചൊല്ലി വലിയ തര്‍ക്കം ഉടലെടുത്തിരുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ഇവിടെ പോലീസ് സംരക്ഷണവും ഒരുക്കിയിരുന്നു. എന്തായാലും കോഴിക്കോടുള്ള ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടത്തിയിരിക്കുകയാണ് എപി അബ്ദുള്‍ വഹാബ്.ഐഎന്‍എല്‍ കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗമാണ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്നത്. ഈ യോഗത്തില്‍ കാസിം ഇരിക്കൂറിനെതിരെ പ്രമേയവും പാസാക്കിയിട്ടുണ്ട്. യോഗം തടസ്സപ്പെടുത്താന്‍ ആരുമെത്തിയില്ല എന്നതിന് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്. വിശദാംശങ്ങള്‍…
ഓഫീസിന്റെ താക്കോല്‍

സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ താക്കോല്‍ കാസിം ഇരിക്കൂറിന്റെ പക്കല്‍ ആണെന്നായിരുന്നു അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. അതുകൊണ്ട് തന്നെ ഓഫീസ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദത്തെ പൂര്‍ണമായും തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം തന്നെ എപി അബ്ദുള്‍ വഹാബ് രംഗത്ത് വന്നിരുന്നു.

 

ചില്ലിക്കാശ് മുടക്കാത്ത കാസിം

ഐഎന്‍എല്‍ ആസ്ഥാന മന്ദിരം നിര്‍മിക്കാന്‍ ചില്ലിക്കാശ് പോലും മുടക്കാത്ത ആരെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടെങ്കില്‍, അത് കാസിം ഇരിക്കൂര്‍ മാത്രമാണെന്നായിരുന്നു അബ്ദുള്‍ വഹാബിന്റെ ആരോപണം. ഓഫീസ് കൈയ്യടക്കാമെന്നാണ് ധരിക്കുന്നത് എങ്കില്‍ ഐഎന്‍എല്‍ പ്രവര്‍ത്തകരുടെ നെഞ്ചില്‍ ചവിട്ടി മാത്രമേ കാസിം ഇരിക്കൂറിന് ഓഫീസിനടുത്തേക്ക് എത്താന്‍ കഴിയൂ എന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു.

 

സുഗമമായ യോഗം

എറണാകുളത്ത് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തര്‍ക്കമായിരുന്നു പിന്നീട് പരസ്യമായ തെരുവ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വഹാബ് വിഭാഗം നടത്തിയ യോഗത്തിനെതിരെ ഒരു പ്രതിഷേധവും ഉയര്‍ന്നില്ല. യോഗം സുഗമമായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ഓഫീസില്‍ അതിക്രമിച്ചുകയറി എന്നാരോപിച്ച്‌ കാസിം ഇരിക്കൂര്‍ കസബ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

കാസിമിനെതിരെ പ്രമേയം

സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗം എപി അബ്ദുള്‍ വഹാബ് ആണ് ഉദ്ഘാടനം ചെയ്തത്. യോഗത്തില്‍ കാസിം ഇരിക്കൂറിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാനമേറ്റതിന് ശേഷം പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് കാസിം ഇരിക്കൂര്‍ ചെയ്തത് എന്നും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പുറത്താക്കാന്‍ ഏകാധിപതിയെ പോലെ പെരുമാറി എന്നും പ്രമേയത്തില്‍ പറയുന്നു.

 

അഖിലേന്ത്യാ നേതൃത്വത്തിനും വിമര്‍ശനം

ജില്ലാ കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ അഖിലേന്ത്യാ നേതൃത്വത്തിനും വിമര്‍ശനമുണ്ട്. ദേശീയ നേതൃത്വം പാര്‍ട്ടിയിലെ വിഭാഗീയത വളര്‍ത്താനാണ് ശ്രമിച്ചത് എന്നാണ് ആക്ഷേപം. സമവായത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല. ദേശീയ പ്രസിഡന്റിനെതിരേയും ശക്തമായ വിമര്‍ശനമുണ്ട് പ്രമേയത്തില്‍.

 

പോരാട്ടം വ്യക്തികള്‍ തമ്മിലല്ല

ഐഎന്‍എലില്‍ ഇപ്പോള്‍ നടക്കുന്നത് വ്യക്തികള്‍ തമ്മിലുള്ള യുദ്ധമല്ലെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. മൂല്യവും സംശുദ്ധ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കാനുള്ള നിലപാടുകളുടെ പോരാട്ടമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതുപക്ഷ, മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ നല്‍കുന്ന പിന്തുണയാണ് ഈ ഘട്ടത്തില്‍ പാര്‍ട്ടിയുടെ കരുത്ത് എന്നും അദ്ദേഹം പറഞ്ഞു.

 

പിളര്‍ന്നപ്പോള്‍

ജൂലായ് 25 ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഐഎന്‍എല്‍ പിളര്‍ന്നത്. തുടര്‍ന്ന് തെരുവില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു. അന്ന് തന്നെ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് അറിയിച്ചു. ഇതിന് പിറകെ എപി അബ്ദുള്‍ വഹാബിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദേശീയ നേതൃത്വം നീക്കിയതായി കാസിം ഇരിക്കൂറും വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചു.

 

പുതിയ ജനറല്‍ സെക്രട്ടറിയും യോഗത്തില്‍

കോഴിക്കോട് ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍കെ അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി നാസര്‍ കോയ തങ്ങള്‍, സംസ്ഥാന സെക്രട്ടറി ഒപിഐ കോയ, സെക്രട്ടറിയേറ്റംഗം പോക്കര്‍ മാസ്റ്റര്‍, ജില്ലാ ഭാരവാഹികളായ സീതിക്കുട്ടി മാസ്റ്റര്‍, പി ബാവ മാസ്റ്റര്‍, പി ആലിക്കുട്ടി മാസ്റ്റര്‍, കെകെ മുഹമ്മദ് മാസ്റ്റര്‍, മെഹബൂബ് കുറ്റിക്കാട്ടൂര്‍, എംഎം മൗലവി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ല ജനറല്‍ സെക്രട്ടറ ശര്‍മ്മദ് ഖാന്‍ സ്വാഗതവും അസീസ് പൊയില്‍ നന്ദിയും പറഞ്ഞു.