ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യയിലാദ്യം കോവിഡ് വാക്‌സിന്‍ നല്‍കുകയെന്ന് റിപ്പോര്‍ട്ട്. മുന്‍ഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബേ‌സ് തയാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നും വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ടവരാണ് ഇക്കാര്യം അറിയിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും 92 ശതമാനം സര്‍ക്കാര്‍ 56 ശതമാനം സ്വകാര്യ ആശുപത്രികള്‍ എന്നി ക്രമത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരു കോടിയോളമാണ് ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം. ഇവര്‍ക്കൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ മുന്‍നിര പോരാളികള്‍ക്കും ആദ്യ ഡോസ് നല്‍കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം.

അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയില്‍ അഡ്വാന്‍സ്ഡ് ഘട്ടത്തില്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.കൂടാതെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.എന്നാല്‍ ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമിട്ടിട്ടെയുള്ളൂ . സൈഡസ് കഡിലയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്.