പൂനെ: ജോലിക്കായി ഗള്‍ഫില്‍ പോയ ഭാര്യയെ ഭര്‍ത്താവ് ഫോണിലൂടെ മൊഴിചൊല്ലി. 31 വയസുകാരിയായ ഭാര്യയെയാണ് നവംബര്‍ 20ന് മുംബയില്‍ താമസിക്കുന്ന 32 വയസുള‌ള ഭര്‍ത്താവ് മൂന്ന് തവണ മൊഴിചൊല്ലിയത്. ജോലി തേടി പോയതിനാല്‍ ഇനി ഭാര്യയുമായി ഒരു ബന്ധവും വേണ്ടെന്ന് ചൊല്ലിയായിരുന്നു മൊഴിചൊല്ലിയതെന്ന് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. അഹ്‌മദ് നഗറിലെ ഭിന്‍ഗാര്‍ ക്യാമ്പ്‌ പൊലീസ് സ്‌റ്റേഷനില്‍ 2019ലെ മുത്തലാഖ് നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ ദമ്പതികള്‍ക്ക് മൂന്ന് വയസുള‌ള മകളുണ്ട്.

ബ്യൂട്ടിപാര്‍ലര്‍ സംബന്ധമായ കോഴ്‌സുകള്‍ പഠിച്ച ശേഷം മുംബയില്‍ ജോലി നോക്കിയ യുവതി പിന്നീട് ദുബായിലേക്ക് പോയി. അതിന്ശേഷം അഹ്‌മദ് നഗറിലേക്ക് മടങ്ങിയെത്തി ഫ്ളാ‌റ്റില്‍ താമസമായി. അതിവേഗം വിവാഹ മോചനം നേടുന്ന മുത്തലാഖ് അധാര്‍മ്മികമാണെന്ന് മുന്‍പ് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2019ല്‍ പാസാക്കിയ മുത്തലാഖ് നിരോധന നിയമപ്രകാരം ഇത്തരത്തിലുള‌ള മുത്തലാഖ് കു‌റ്റകരമാണ്.