കൊച്ചി: തിരുവനന്തപുരം പാങ്ങോട് കോവിഡ് രോഗിയെ പീഡിപ്പിച്ച കേസില്‍ വഴിതിരിവ്. പീഡനം നടന്നിട്ടില്ലെന്ന് ഇര ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും ഇര സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇതെത്തുടര്‍ന്ന് ആരോപണ വിധേയനായ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഇരയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ അന്വേഷിക്കാന്‍ കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി. കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടിലെത്തിയ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. സെപ്തംബര്‍ 3നായിരുന്നു സംഭവം.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. സര്‍വീസില്‍ നിന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.