ന്യൂഡല്‍ഹി: ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങള്‍ തള്ളി ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. ഇത് തികച്ചും തെറ്റായ വാദമാണ്. ദേശീയ തലസ്ഥാനത്തും മറ്റ് പല സ്ഥലങ്ങളിലും ഓക്സിജന്റെ അഭാവം മൂലം നിരവധി മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ദില്ലി ആരോഗ്യമന്ത്രി പറഞ്ഞു.

“ഓക്സിജന്റെ കുറവുണ്ടായിരുന്നില്ലെങ്കില്‍, എന്തുകൊണ്ടാണ് ആശുപത്രികള്‍ കോടതിയെ സമീപിച്ചത്? ആശുപത്രികളും മാധ്യമങ്ങളും ദിവസവും ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. നിരവധി ടെലിവിഷന്‍ ചാനലുകള്‍ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടായതനെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ പോലും ഒക്സിജന്‍ ക്ഷാമം മൂലം മരിച്ചില്ല എന്ന് പറയുന്നത് പൂര്‍ണ്ണമായും തെറ്റാണ്. ദില്ലിയിലും രാജ്യത്തുടനീളവും ഓക്സിജന്‍ ക്ഷാമം മൂലം നിരവധി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.”- സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ദില്ലി ആരോഗ്യമന്ത്രിയുടെ പ്രതികരണം. രണ്ടാം തരംഗത്തില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകതയില്‍ അഭൂതപൂര്‍വമായ വര്‍ധനയുണ്ടായി. 9,000 മെട്രിക് ടണ്‍ വരെ ആവശ്യമായി വന്നു. ആദ്യ തരംഗത്തില്‍ ഇത് 3,095 മെട്രിക് ടണ്ണായിരുന്നു. സംസ്ഥാനങ്ങള്‍ക്കിടയില്‍ തുല്യമായ വിതരണം സാധ്യമാക്കുന്നതിന് കേന്ദ്രത്തിന്‍റെ ഇടപെടലുകള്‍ വേണ്ടി വന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.

ഓക്സിജന്റെ അഭാവം മൂലം കോവിഡ് -19 രോഗികള്‍ റോഡുകളിലും ആശുപത്രികളിലും മരിച്ചുവെന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെന്നും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പതിവായി കേസുകളുടെയും മരണങ്ങളുടെയും എണ്ണം കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചിരുന്നു.