ടെഹ്‌റാന്‍: കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാനിലെ ഖുസെസ്താന്‍ പ്രവിശ്യയില്‍ ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായി. രണ്ട് പ്രക്ഷോഭകരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന് പരിക്കേറ്റു.

ആറു ദിവസമായി തുടരുന്ന പ്രക്ഷോഭമാണ് അക്രമാസക്തമായത്. അതേസമയം, കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്ന 18-കാരന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രദേശത്തെ പ്രതിസന്ധി മുതലെടുത്ത് വിഘടനാവാദികള്‍ പ്രശ്‌നം സൃഷ്ടിക്കുകയാണെന്നും അധികൃതര്‍ പറയുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ ഖുസെസ്താന്‍ പ്രദേശത്തോട് ഭരണകൂടം വിവേചനം കാണിക്കുന്നുവെന്നാണ് പ്രക്ഷോഭകരുടെ വാദം. പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതായാണ് റിപ്പോര്‍ട്ട്.