ഡല്‍ഹി: രാജ്യത്ത് മൂന്നില്‍ രണ്ട് ശതമാനം ആളുകളിലും കൊറോണയ്‌ക്കെതിരായ ആന്‍റിബോഡി രൂപപ്പെട്ടതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) സിറോ സര്‍വേ റിപ്പോര്‍ട്ട്. കൊറോണയുടെ മൂന്നാം തരംഗഭീഷണി നിലനില്‍ക്കെ ആശ്വാസം നല്‍കുന്നതാണ് പുതിയ സര്‍വ്വേ ഫലം. പരീക്ഷണത്തിന് വിധേയരായവരില്‍ 67.6% പേരിലും കൊറോണയ്‌ക്കെതിരായ ആന്‍റിബോഡി ഉള്ളതായി കണ്ടെത്തി.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിലായി 36,227 പേരിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 7,252 പേര്‍ ആരോഗ്യ പ്രവര്‍ത്തകരായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പുറമേ, 6 മുതല്‍ 17 വയസ്സുവരെയുള്ള 8,691 കുട്ടികളും 18 വയസ്സിനു മുകളിലുള്ള 20,284 പേരും സര്‍വ്വേയില്‍ പങ്കെടുത്തു.

കുട്ടികളുടെ വിഭാഗത്തില്‍ പകുതി പേരിലും ആന്‍റിബോഡി കണ്ടെത്താനായി. 57.02 ശതമാനം വരും ഇത്. കൊറോണ ബാധയെ തുടര്‍ന്നും വാക്‌സിനെടുത്തതിനെ തുടര്‍ന്നും ആന്‍റിബോഡി സാന്നിദ്ധ്യം ശരീരത്തുണ്ടാകാം. ഐസിഎംആര്‍ ഇത്തരത്തില്‍ നടത്തുന്ന നാലാമത്തെ സര്‍വ്വേയാണിത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്-സെപ്തംബര്‍ മാസത്തില്‍ സര്‍വ്വേ നടത്തുമ്ബോള്‍ 7.1 ശതമാനം ആളുകളില്‍ മാത്രമായിരുന്നു ആന്‍റിബോഡി കണ്ടെത്തിയത്. ഇപ്പോള്‍ 67.06 ശതമാനം പേരില്‍ ആന്‍റിബോഡി ഉണ്ട്.

ആരോഗ്യ പ്രവര്‍ത്തകരില്‍ 85 ശതമാനം പേരുടേയും ശരീരത്തില്‍ ആന്‍റിബോഡിയുണ്ട്. കൂടാതെ ഇവരില്‍ പത്തില്‍ ഒരു ശതമാനം ആളുകള്‍ ഇപ്പോഴും വാക്‌സിനെടുത്തിട്ടില്ല. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടിനും കൊറോണ ഇതിനകം ബാധിച്ചത് രണ്ടാം തരംഗത്തിന് സമാനമായ വ്യാപക അണുബാധ ഇനി ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്‌ക്കുന്നുവെന്ന് പഠനം പറയുന്നു.