‘പ്രേമം’ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ പൃഥ്വിരാജ് നായകനാവുമെന്ന് റിപ്പോര്‍ട്ട്. 2020 സെപ്റ്റംബറില്‍ അല്‍ഫോണ്‍സ് പുത്രന്‍ ഫഹദ് ഫാസില്‍ നായകനായ ‘പാട്ട്’ സംവിധാനം ചെയ്യുന്നതായി പ്രഖ്യാപിച്ചിരുന്നു. നയന്താരയാണ് ചിത്രത്തിലെ നായികയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നിരുന്നാലും, ആ ചിത്രം അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായും മറ്റൊരു ചിത്രത്തിനായി പൃഥ്വിരാജുമായി സംഭാഷണങ്ങള്‍ ആരംഭിച്ചുവെന്നും ‘പിങ്ക് വില്ല’ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘കോവിഡ് കാരണം, ഓരോ നടന്റെയും ഡേറ്റ് ഏറെമാറി. ഫഹദ് ഫാസിലും നയന്താരയും വേഷമിടുന്ന പാട്ടിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ആരംഭിക്കേണ്ടതായിരുന്നു, എന്നിരുന്നാലും, അവരുടെ മറ്റു ചില മുന്‍ഗണനാ പദ്ധതികള്‍ കാരണം, ചിത്രം 2022 ലേക്ക് മാറ്റാന്‍ കാരണമായിരിക്കുന്നു,” എന്ന് സിനിമയുമായി അടുത്ത വൃത്തം വെളിപ്പെടുത്തിയാതായി ‘പിങ്ക് വില്ല’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടയില്‍ അല്‍ഫോന്‍സ് മറ്റൊരു കഥ വികസിപ്പിച്ചു , അത് പൃഥ്വിരാജിന് നല്‍കി.

സിനിമയുടെ ഇതിവൃത്തത്തിന്റെയും വിഭാഗത്തിന്റെയും വിശദാംശങ്ങള്‍ മറച്ചുവെച്ചിരിക്കെ, ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ സാധ്യതയുള്ള ഒരു സിനിമയെക്കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്യുകയാണ്. പൃഥ്വിരാജ് അല്‍ഫോണ്‍സിന്റെ തിരക്കഥയില്‍ അതീവ താല്പര്യം പ്രകടിപ്പിക്കുകയും ഷൂട്ടിന്റെ സമയം തീരുമാനിക്കാന്‍ ശ്രമിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുവരും ഒന്നിലധികം കൂടിക്കാഴ്ചകള്‍ ഇതിനായി നടത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ അല്‍ഫോന്‍സുമായുള്ള ആദ്യ സിനിമയാവും ഇത്.

ഫഹദ് ഫാസില്‍ നിലവില്‍ കമല്‍ ഹാസന്‍, വിജയ് സേതുപതി ചിത്രം ‘വിക്രമിന്റെ’ ഭാഗമാകാനുള്ള തിരക്കിലാണ്. പൃഥ്വിരാജിന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നു എന്നും സൂചനയുണ്ട്.

“എന്റെ അടുത്ത സിനിമയുടെ പേര്‌ ‘പാട്ട്’ എന്നാണ്. ഫഹദ് ഫാസില്‍ ആണ് നായകന്‍. സിനിമ നിര്‍മ്മിക്കുന്നത് UGM Entertainments (സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി). മലയാള സിനിമയാണ്. ഈ പ്രാവശ്യത്തേക്കു സംഗീത സംവിധായകനും ഞാനായിരിക്കും. അഭിനയിക്കുന്നവരെയും പിന്നണിയില്‍ പ്രവൃത്തിക്കുന്നവരെയും കുറിച്ചും അപ്ഡേറ്റ് ചെയ്യുന്നതാണ്.” എന്നായിരുന്നു ‘പാട്ട്’ പ്രഖ്യാപിച്ചുകൊണ്ടുള്ള അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള സിനിമയില്‍ ട്രെന്‍ഡ്സെറ്ററായ നിവിന്‍ പോളി ചിത്രം ‘പ്രേമത്തിന്’ ശേഷം അല്‍ഫോണ്‍സ് മറ്റു ചിത്രങ്ങളൊന്നും സംവിധാനം ചെയ്തിരുന്നില്ല. പ്രേമത്തിന്റെ നിര്‍മ്മാതാവ് കൂടിയായ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രത്തിലും അല്‍ഫോണ്‍സ് പുത്രന്‍ പങ്കാളിയാണ്. പ്രഖ്യാപനം കഴിഞ്ഞ പ്രോജക്ടിന്റെ മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.