ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ലിംഗമാറ്റ ശസ്ത്രക്രിയാ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, അനന്യയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍റര്‍ കൂട്ടായ്മയും രംഗത്തെത്തി. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വന്ന പിഴവാണ് അനന്യയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് അനന്യയുടെ സുഹൃത്തുക്കളും ട്രാന്‍സ്ജെന്‍റേഴ്സ് കൂട്ടായ്മയും ആരോപിക്കുന്നത്.

അനന്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് പൊലീസ്. ആരോപണവിധേയനായ ഡോക്ടറെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. മൃതദേഹം കണ്ടെത്തിയ ഫ്ലാറ്റില്‍ വീണ്ടും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.‌

അതേസമയം, അനന്യയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് അലക്സ് ആരോപിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം അനന്യയ്ക്ക് ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത് ബോധ്യപ്പെട്ടിട്ടും തുടര്‍ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനെതിരെ പരാതിപ്പെട്ട അനന്യയ്ക്ക് പല തവണ മര്‍ദനമേറ്റിട്ടുണ്ടെന്നും അലക്സ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോജോക്കിയും അവതാരകയുമായ അനന്യയെ കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു അനന്യ ലിംഗമാറ്റ ശസ്‍ത്രക്രിയ ചെയ്‌തത്‌.