കൊളംബോ: ഇന്ത്യൻ യുവനിര അവസരത്തിനൊത്ത് ഉയർന്നതോടെ രണ്ടാം ഏകദിനവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയെ മൂന്ന് വിക്കറ്റുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. അവസാനം വരെ മികച്ച ബാറ്റിംഗ് നടത്തിയ ദീപക് ചഹറും മികച്ച പിന്തുണ നൽകിയ ഭുവനേശ്വർ കുമാറും ചേർന്നാണ് ഇന്ത്യയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. ചഹറും (69), ഭുവനേശ്വർ കുമാറും(19) നേടിയ 84 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് 2-0ന് പരമ്പര സമ്മാനിച്ചത്.

276 റൺസ് വിജയലക്ഷ്യമാണ് 49.1 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ മറികടന്നത്. ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച അവസ്ഥയിൽ നിന്നാണ് ദീപക് ചഹറിന്റെ അവിശ്വസനീയമായ പ്രകടനം ഇന്ത്യക്ക് കരുത്തായത്. സ്‌കോർ 65ൽ നിൽക്കേയാണ് ആദ്യ ഏകദിനത്തിൽ കസറിയ പൃഥ്വി ഷാ(13), ശിഖർ ധവാൻ(29), ഇഷൻ കിഷൻ(1) എന്നിവരെ നഷ്ടപ്പെട്ടത്. മദ്ധ്യനിരയിൽ മനീഷ് പാണ്ഡെ(37)യും ഉറച്ചു നിന്ന സൂര്യകുമാർ യാദവും(53) ഇന്ത്യയെ കരകയറ്റി. എന്നാൽ മനീഷ് റണ്ണൗട്ടാവുകയും പുറകേ ഹാർദ്ദിക് പാണ്ഡ്യയും റൺസെടു ക്കാതെ മടങ്ങിയതോടെ ഇന്ത്യ 5ന് 116 എന്ന നിലയിലേക്ക് വീണ്ടും കൂപ്പുകുത്തി.

സൂര്യകുമാറിന് പിന്തുണയുമായി കരുതലോടെ ബാറ്റ് വീശിയ ക്രുനാൽ പാണ്ഡ്യ നിന്നതോടെ 44 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടും പിറന്നു. സൂര്യകുമാറും പിന്നാലെ ക്രുനാലും പുറത്തായതോടെ ഇന്ത്യ 7ന് 193ലേക്ക് വീണു. എന്നാൽ പിന്നീടാണ് ശ്രീലങ്കയുടെ ഏറ്റവും മികച്ച ബൗളർ ഹസാരങ്കയെ ശക്തമായി നേരിട്ടുകൊണ്ട് ദീപക് ചഹർ തന്റെ ബാറ്റിംഗ് മികവ് പുറത്തെടുത്തത്. അവസാന ഓവറിലെ ആദ്യ പന്തിനെ ബൗണ്ടറികടത്തി ചഹർ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചു.