തൃശൂര്‍: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ് കേസില്‍ ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സഹകരണ രജിസ്ട്രാര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബാങ്കില്‍ നടന്നത് ഗുരുതര ക്രമക്കേടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സഹകരണ രജിസ്ട്രാര്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും നടപടി.

കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ പ്രാഥമികവിവരങ്ങള്‍ പൊലീസില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയിട്ടുണ്ട്. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. കോടികണക്കിന് രൂപയുടെ കള്ള പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു.

തട്ടിപ്പ് പുറത്തു വന്നതോടെ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചു വിട്ടിരുന്നു. 13 അം​ഗഭരണസമിതിയാണ് പിരിച്ചു വിട്ടത്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.