കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിസ്താര നടപടികള്‍ ഇന്ന് പുനരാരംഭിക്കും. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടിയും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിചാരണക്കോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍, വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജി തള്ളിയ ഹൈക്കോടതി കേസിന്റെ വിചാരണ തിങ്കളാഴ്‌ച മുതല്‍ പുനഃരാരംഭിക്കാന്‍ ഉത്തരവിടുകയും ചെയ്‌തിരുന്നു.

പുതുതായി വിസ്തരിക്കേണ്ടവര്‍ക്ക് നോട്ടീസ് അയക്കുന്ന നടപടികളാകും ഇന്ന് തുടങ്ങുക. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വിചാരണക്കോടതി നടപടികള്‍ക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്‍വഴക്കം സൃഷ്ടിക്കുമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്.