തിരുവനന്തപുരം: പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ മന്ത്രി എ കെ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേ പറ്റൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രി രാജിവയ്ക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ പുറത്താക്കിയേ പറ്റൂ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്‌തുവെന്നും യുക്തിരഹിതവും ദുര്‍ബലവുമായ വാദമാണ് മന്ത്രിയുടേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രി രാജിവച്ചില്ലെങ്കില്‍ നിയമസഭയില്‍ പ്രശ്‌നം കൊണ്ടുവരും. ഈ സര്‍ക്കാരിനെ കൊണ്ട് മറുപടി പറയിപ്പിക്കും. സി പി എമ്മിന് സ്ത്രീപക്ഷത്ത് നില്‍ക്കണമെന്ന് ആളുകളോട് എങ്ങനെ പറയാന്‍ കഴിയുമെന്നും സതീശന്‍ ചോദിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒരു വനിതാ ഉദ്യോഗസ്ഥയേയും പുറത്താക്കിയിരിക്കുകയാണ്. വനംകൊള്ളയ്‌ക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വനിതാ ഉദ്യോസ്ഥയ്ക്ക് എതിരെ നടപടി എടുത്തത്. അവരെ സെക്രട്ടറിയേറ്റിന് പുറത്തേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. കൊല്ലത്തെ വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ക്കെതിരെ പ്രതിഷേധിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടിരിക്കുകയാണ്. മര്യാദകേടാണിതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഇതാണോ സി പി എമ്മിന്‍റെ സ്‌ത്രീപക്ഷ കേരളമെന്നും ചോദിച്ചു.