ന്യൂഡല്‍ഹി : ഇന്ത്യയ്‌ക്കെതിരെ ചൈനയുമായി കൂട്ടുകൂടി തന്ത്രങ്ങള്‍ മെനഞ്ഞ പാകിസ്ഥാന് അതേ നാണയത്തില്‍ തിരിച്ചടിച്ച്‌ കാര്യം വ്യക്തമാക്കി വിദേശ കാര്യ മന്ത്രി ഡോക്ടര്‍ എസ് ജയശങ്കര്‍. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാന്‍ തുടരുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍ക്കുള്ള വിദേശനയത്തെക്കുറിച്ചുള്ള ഒരു വെര്‍ച്വല്‍ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാകിസ്ഥാനെ നമ്മള്‍ ഇന്ന് കുരുക്കിയിട്ടിരിക്കുകയാണ്. പദ്മ വ്യൂഹത്തില്‍ പെട്ട അവസ്ഥയാണ് അവര്‍ക്കിപ്പോള്‍ . അവരുടെ ഭാഷ തന്നെ മാറിയിരിക്കുന്നു. പഴയ പോലെ തീവ്ര വാദികളെ പരസ്യമായി സപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ക്കിന്ന് ആകില്ല, അത് ആഗ്രഹമില്ലാഞ്ഞിട്ടല്ല, ലോകം അവരെ വീക്ഷിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാം പ്രത്യേകിച്ചും ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന ആഗോള വാച്ച്‌ ഡോഗ്’ – കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു.

തീവ്ര വാദത്തിനു സഹായം നല്‍കുന്ന രാജ്യങ്ങളെ പെടുത്തുന്ന കരിമ്ബട്ടികയിലേക്ക് ഒരു പക്ഷേ പാകിസ്ഥാന്‍ പെട്ടേക്കും. ഇത് പാകിസ്ഥാന്‍ സാമ്ബത്തിക വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതം ചെറുതൊന്നും അല്ല. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യറ്റീവ് ഉണ്ടായിട്ട് പോലും പാകിസ്ഥാന്‍ സാമ്ബത്തികമായി തകര്‍ന്നു പോയത് ഇന്ത്യയുടെ നയതന്ത്ര ഫലമാണെന്ന് അദ്ദേഹം പറയുന്നു.

കൂടാതെ മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെത്തുടര്‍ന്നാണ് ആഗോളതലത്തില്‍ ജെയ്ഷ് -ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തോയിബ തുടങ്ങിയ ഗ്രൂപ്പുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.