ജമൈക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അലക്സ് ക്യാരി നയിക്കും. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പരിക്കുമൂലം പിന്മാറിയതോടെയാണ് പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തില്‍ ക്യാരിയെ ക്രിക്കറ്റ് ഓസ്ട്രേലിയ നായകനായി തെരഞ്ഞെടുത്തത്. ഓസ്‌ട്രേലിയന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്ന 26-മത്തെ താരമാണ് ക്യാരി.

ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് 29കാരനായ അലക്സ് ക്യാരിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഓസ്ട്രേലിയ പരിഗണിച്ചത്. ഓസ്ട്രേലിയ എ ടീമിന്റെ നായകനായിട്ടുള്ള ക്യാരി ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെഡ് സ്‌ട്രൈക്കേഴ്‌സിനെയും നയിച്ചിട്ടുണ്ട്.

അണ്ടര്‍ 18 ഫുട്ബോള്‍ താരമായിരുന്ന ക്യാരി ഓസ്‌ട്രേലിയന്‍ ഫുട്ബോള്‍ ലീഗിലെ ഗ്രേറ്റര്‍ വെസ്റ്റേണ്‍ സിഡ്നി ജയന്റ്സിന്റെ നായകസ്ഥാനവും വഹിച്ചിട്ടുണ്ട്. പിന്നീട് വേഗതയില്ലെന്ന കാരണത്താല്‍ ഫുട്ബോള്‍ ടീമില്‍ നിന്ന് പുറത്തായശേഷമാണ് ക്യാരി ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിച്ചത്.