ന്യൂഡല്‍ഹി : രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷം അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യന്‍ ജനാധിപത്യത്തെ ആക്ഷേപിക്കാനുള്ള നിരന്തര ശ്രമമാന് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചന ഇതിനകം പല തവണ തെളിഞ്ഞതാണ് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ സുപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വര്‍ഷകാല സമ്മേളനം അനാവശ്യ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്ബാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത് എന്നതും സംശയാസ്പദമാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവേളയിലും ഇത്തരത്തില്‍ പെഗാസസ് കഥ പ്രചരിച്ചിരുന്നു.

പ്രതിപക്ഷം ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നത് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇസ്രായേലി സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച്‌ ഫോണ്‍ കോളുകള്‍ ചോര്‍ത്തി എന്ന ആരോപണങ്ങളാണ് ഉയര്‍ന്നത്. രാഷ്ട്രീയ നേതാക്കള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നു എന്ന് ആരോപിച്ച്‌ നിരവധി പേര്‍ രംഗത്തെത്തി.

എന്നാല്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ തെറ്റാണെന്ന് ഇസ്രയേലി സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളായ എന്‍എസ്‌ഒ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന രാജ്യങ്ങളുടെ പേരുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ അല്ലന്നാണ് എന്‍എസ്‌ഒ പറഞ്ഞത്. ഇതിന്റെ പേരില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയും ചെയ്തു. ഈ വിഷയമല്ലെങ്കില്‍ മറ്റൊരു വിഷയം ഉണ്ടാക്കി സഭയില്‍ മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് തടസപ്പെടുത്തുന്ന രീതിയാണ് പ്രതിപക്ഷത്തിന്റേതെന്നു ബിജെപി കുറ്റപ്പെടുത്തി.