തിരുവനന്തപുരം- കാസർഗോഡ് അർദ്ധ അതിവേഗ റെയിൽപാതയായ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പദ്ധതി പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുള്ള ആശങ്കകളും ആക്ഷേപങ്ങളും ഗൗരവതരമാണെന്ന് കെ -റയിൽ സംബന്ധിച്ച യു ഡി എഫ് സബ് കമ്മിറ്റി യോഗം വിലയിരുത്തി.

പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കൽ, അതു എത്ര പേരെയാണ് പ്രതികൂലമായി ബാധിക്കുക, തൃപ്തികരമായ പുനരധിവാസം, ന്യായമായ നഷ്ടപരിഹാരം, എന്നിവയെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനവും പരിശോധനയും നടന്നതായി കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരെ കേൾക്കുന്നതിനും ഔദ്യോഗിക സംവിധാനങ്ങൾ ശ്രമിച്ചിട്ടില്ല. പദ്ധതിയുടെ സാമ്പത്തികമായ ലാഭക്ഷമത, പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം എന്നിവയേക്കുറിച്ചും നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട് എന്ന് യു ഡി എഫ് സബ് കമ്മിറ്റി യോഗം വിലയിരുത്തി. തിരുവനന്തപുരം മുതൽ തിരൂർ വരെയുള്ള ഭാഗത്ത് നിലവിലുള്ള ലൈനുമായി ചേർന്ന് സിഗ്നൽ സിസ്റ്റം നവീകരിച്ചും വളവുകൾ നേരെയാക്കിയും പുതിയ ലൈനിനുള്ള സാധ്യതയും പരിശോധിക്കേണ്ടതാണ് . ജനങ്ങളുടെ ആശങ്കകളും , പരാതികളും പരിഹരിച്ചശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാൻ പാടുള്ളൂ എന്നതാണ് യു ഡി എഫ് സബ് കമ്മിറ്റിയുടെ വിലയിരുത്തൽ.

ഇതിനായി ജനങ്ങളിൽനിന്ന് പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി യു ഡി എഫ് സബ് കമ്മിറ്റി കോട്ടയത്തും കോഴിക്കോട്ടും യോഗ ങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 24ന് രാവിലെ കോട്ടയത്തും 30ന് കോഴിക്കോട്ടും യോഗം ചേരുന്നതിനു തീരുമാനിച്ചു. യുഡിഎഫ് സബ് കമ്മിറ്റി കൺവീനർ ഡോ.എം.കെ.മുനീർ കമ്മിറ്റി അംഗങ്ങളായ മുൻ മന്ത്രി കെ.സി ജോസഫ്, സി.പി ജോൺ, വി.ടി. ബൽറാം, ജി ദേവരാജൻ, ജോൺ ജോൺ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.