കൊല്ലം:വീട്ടിലെ ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. പത്തനാപുരം വിളക്കുടി സ്വദേശി ജോമോന്‍ മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണു മരിച്ചത്. കഴുത്തില്‍ ഷാള്‍ മുറുകിയ നിലയിലാണ് ജയമോളെ ശുചിമുറിയില്‍ കണ്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയമോളുടെ അച്ഛന്‍ ക്ലീറ്റസിന്റെ മൊഴിയെത്തുടര്‍ന്നാണു ഭര്‍ത്താവ് ജോമോനെ കസ്റ്റഡിയിലെടുത്തത്. റെയില്‍വേയില്‍ ട്രാക്ക് മെയ്ന്റെയ്നന്‍സ് ജോലിയാണ് ജോമോന്. ജോലിക്ക് പോയിരുന്ന ഇയാള്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ വീട്ടിലെ ജോലി ചെയ്യുന്നത് സംബന്ധിച്ച്‌ വാക്കു തര്‍ക്കം നടന്നതായി പൊലീസ് പറഞ്ഞു. ഇതിനുശേഷം ജയമോള്‍ ശുചിമുറിയില്‍ കയറി. കുറേസമയം കഴിഞ്ഞും പുറത്തിറങ്ങാഞ്ഞതിനാല്‍ മകള്‍ കതകു തള്ളിത്തുറന്നു നോക്കിയപ്പോള്‍ ജയമോള്‍ അവശനിലയില്‍ കിടക്കുന്നതാണ് കണ്ടത്. പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.