ന്യൂയോര്‍ക്ക്: സ്വകാര്യവും വ്യക്തിപരവുമായ ജീവിതാനുഭവങ്ങളെ കുറിച്ചുള്ള ഹാരി രാജകുമാരന്റെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാകാന്‍ ഒരുങ്ങുന്നു. ജീവിതത്തിലുടനീളം സംഭവിച്ച പിഴവുകള്‍, ഉള്‍ക്കൊണ്ട പാഠങ്ങള്‍ എന്നിവ ഹാരിയുടെ പുസ്തകത്തില്‍ സത്യസന്ധമായി വെളിപ്പെടുത്തുമെന്ന് പ്രസാധകസ്ഥാപനമായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് വ്യക്തമാക്കി.

ബ്രിട്ടീഷ് രാജകുടുംബവും ഹാരിയും തമ്മിലുള്ള ബന്ധം ഏറെക്കുറെ ദുര്‍ബലമായിരിക്കുന്ന സന്ദര്‍ഭത്തിലാണ് പുസ്തകം പുറത്തിറക്കാന്‍ തീരുമാനിച്ചത്. കൂടാതെ രാജകുടുംബത്തില്‍ നിന്ന് നേരിടേണ്ടി വന്ന വംശീയാധിക്ഷേപത്തെ കുറിച്ച്‌ ഹാരിയുടെ പത്‌നി മേഗന്‍ വെളിപ്പെടുത്തിയിരുന്നു. രാജകുടുംബവുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഹാരിയും മേഗനും യുഎസിലേക്ക് താമസം മാറുകയും ചെയ്തു. ആദ്യമായാണ് രാജകുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗത്തിന്റെ ഇത്തരമൊരു പുസ്തകം പുറത്തു വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.