ലക്‌നൗ : കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങളോടും, കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ യോഗി സര്‍ക്കാര്‍. ഈ കാലയളവില്‍ 139 കൊടും കുറ്റവാളികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി( ആഭ്യന്തരം) അവിനാശ് കുമാര്‍ പറഞ്ഞു.

2017 മാര്‍ച്ച്‌ 30 മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളാണ് ചീഫ് സെക്രട്ടറി പുറത്തുവിട്ടിരിക്കുന്നത്. ഈ കാലയളവിലുണ്ടായ ഏറ്റുമുട്ടലില്‍ 3,196 കുറ്റവാളികള്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്നു. 13 പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടമായി. 1,122 പോലീസുകാര്‍ക്ക് പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ 1,500 കോടി രൂപയുടെ അനധികൃത സ്വത്തുക്കളാണ് പിടിച്ചെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 1,300 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തത് കഴിഞ്ഞ ജനുവരിയിലാണ്. ഗുണ്ടാ നിയമ പ്രകാരം 13,7000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 43,000 പേര്‍ അറസ്റ്റിലായി. കുറ്റവാളി സംഘങ്ങള്‍ക്കെതിരെയും, മാഫിയകള്‍ക്കെതിരെയും കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് അവിനാശ് കുമാര്‍ പറഞ്ഞു. കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.