ദുബായ്; മൂന്നു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്കായി ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് -19 പരിശോധന നടത്താന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്‌എ) അനുമതി നല്‍കി. ദുബായില്‍ നിലവിലുള്ള പിസിആര്‍ ടെസ്റ്റിന് തുല്യമായ രീതിയാണ് ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക്. ഇത്തരത്തില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് 2500 രൂപയാണ് ഈടാക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കുകയും ചെയ്യും. മൂക്കില്‍ നിന്ന് സ്രവം ശേഖരിച്ചുള്ള പരിശോധന കുട്ടികളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉമിനീര്‍ ശേഖരിച്ചു പരിശോധന നടത്താന്‍ അനുമതി നല്‍കിയത്.

മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സസ് (എം‌ബി‌ആര്‍‌യു), ഡി‌എച്ച്‌എ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലാണ് കുട്ടികളിലെ ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് കൂടുതല്‍ കൃത്യതയുണ്ടെന്ന് വ്യക്തമായത്. ഇതോടെയാണ് ഉമിനീര്‍ പരിശോധനയ്ക്ക് ഡിഎച്ച്‌എ അനുമതി നല്‍കിയത്. 476 കുട്ടികളില്‍ നിന്ന് ഉമിനീര്‍, മൂക്കിലെ സ്രവം എന്നിവ ശേഖരിച്ചാണ് ഗവേഷണ സംഘം പരിശോധന ഫലങ്ങളിലെ കൃത്യത പരിശോധിച്ചത്. 87 മുതല്‍ 98 ശതമാനം വരെ കൃത്യത ഉറപ്പുവരുത്തുന്നതാണ് ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന ഫലമെന്ന് പഠനത്തില്‍ വ്യക്തമായി. ഉമിനീര്‍ പരിശോധനയ്ക്കുള്ള പോസിറ്റീവ്, നെഗറ്റീവ് പ്രവചന മൂല്യങ്ങള്‍ യഥാക്രമം 92.2 ശതമാനവും 97.6 ശതമാനവുമാണ്. കുട്ടികളില്‍ കോവിഡ് -19 സ്ക്രീനിംഗിന് ഉപയോഗപ്രദമായ ഡയഗ്നോസ്റ്റിക് മാതൃകയാണ് ഉമിനീര്‍ എന്ന് ഈ ഫലങ്ങള്‍ കാണിക്കുന്നു, ‘ഡിഎച്ച്‌എ കൂട്ടിച്ചേര്‍ത്തു.

ഈ രീതി കുട്ടികളില്‍ അനായാസമാക്കാന്‍ സഹായിക്കുമെന്ന് ഡിഎച്ച്‌എയുടെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് ആന്റ് നഴ്സിംഗ് സെക്ടര്‍ സിഇഒ ഡോ. ഫരീദ അല്‍ ഖജ പറഞ്ഞു. “ഈ സംയുക്ത പരിശ്രമം ഗവേഷണ അധിഷ്ഠിത ഡാറ്റ പൊതുജനാരോഗ്യ നയങ്ങള്‍ വികസിപ്പിക്കുന്നതിന് ഉയര്‍ന്ന മാനദണ്ഡങ്ങള്‍ നല്‍കാന്‍ സഹായിക്കുമെന്ന് എടുത്തുകാണിക്കുന്നു.”- ഡോ. ഫരീദ അല്‍ ഖജ പറഞ്ഞു

പഠനത്തിന്റെ ലീഡ് ഇന്‍വെസ്റ്റിഗേറ്ററും എം‌ബി‌ആര്‍‌യു കോളേജ് ഓഫ് മെഡിസിന്‍ ഫാമിലി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഹനന്‍ അല്‍ സുവൈദി കൂട്ടിച്ചേര്‍ത്തു: ‘നയത്തെ സ്വാധീനിക്കാന്‍ കഴിയുന്ന വിവര്‍ത്തന ഗവേഷണത്തിന്റെ ഒരു ഉദാഹരണമാണ് ഈ പഠനം. തീരുമാനമെടുക്കുന്നതില്‍ അധികൃതരെ ഇത്തരം പഠനറിപ്പോര്‍ട്ടുകള്‍ സഹായിക്കുന്നു. ഈ മഹാമാരിയെതിരെ പോരാടുന്നതിനുള്ള ദുബായ് ഭരണകൂടത്തിന്‍റെ ശ്രമങ്ങള്‍ ഗവേഷണ-അടിസ്ഥാനവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമാണെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു”.