രണതുംഗയെ പരിഹസിച്ച്‌ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. ശ്രീലങ്കന്‍ പര്യടനത്തിനായി രണ്ടാം നിര ടീമിനെ അയച്ച്‌ ഇന്ത്യ ശ്രീലങ്കന്‍ ക്രിക്കറ്റിനെ അപമാനിച്ചുവെന്ന് ശ്രീലങ്കയുടെ മുന്‍ താരം അര്‍ജുന രണതുംഗ പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ പ്രസ്താവനയുടെ പേരില്‍ പരിഹാസപാത്രമായി മാറിയിരിക്കുകയാണ് രണതുംഗ.

ഇന്നലെ നടന്ന ആദ്യ ഏകദിനത്തില്‍ ശിഖര്‍ ധവാന്‍റെ നേതൃത്വത്തില്‍ ഉള്ള ഇന്ത്യന്‍ സംഗം അനായാസ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ ജയത്തിന് പിന്നാലെയാണ് സെവാഗ് രണതുംഗയെ പരിഹസിച്ച്‌ രംഗത്തെത്തിയത്.

‘അങ്ങനെയൊരു പരാമര്‍ശം രണതുംഗ നടത്തിയത് കടുത്തുപോയി. അദ്ദേഹം ഇത് ഇന്ത്യയുടെ ബി ടീമാണെന്ന് തെറ്റിദ്ധരിച്ചു കാണും. നിലവില്‍ ഇന്ത്യയ്‌ക്ക് ഏതു രാജ്യത്തേക്കും തുല്യ ശക്തിയുള്ള മറ്റൊരു ടീമിനേക്കൂടി അയയ്ക്കാനുള്ള കരുത്തുണ്ടെന്നുള്ളതാണ് വാസ്തവം. ഒരുപക്ഷേ, ഐപിഎല്‍ വഴി നമുക്കു ലഭിച്ച ഒരു ഗുണമായിരിക്കാം ഇത്. ഒരു ടീമില്‍ ഒതുക്കാന്‍ സാധിക്കാത്തത്ര പ്രതിഭയുള്ള താരങ്ങള്‍ നമുക്കുണ്ട്. ഈ ടീമും പ്രതിഭയുടെ കാര്യത്തില്‍ തുല്യരാണ്’ – സേവാഗ് പറഞ്ഞു.

‘ നാം എങ്ങനെ ഈ ടീമിനെ ബി ടീം എന്നു വിളിച്ചാല്‍ അംഗീകരിക്കും? ഈ ടീമിന് ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീമിനെതിരെ മത്സരിച്ചാല്‍ പോലും ജയിക്കാനുള്ള മികവ് ഉണ്ട്. ബി ടീമായി ഈ ടീമിനെ ഒരു തരത്തിലും കാണാനാകില്ല. ശ്രീലങ്കയിലേക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ അയച്ച ബിസിസിഐയോട് അവര്‍ നന്ദി പറയുകയാണ് വേണ്ടത്. ശ്രീലങ്കയിലേക്ക് ടീമിനെ അയക്കാന്‍ നിര്‍വാഹമില്ലെന്ന് അവര്‍ക്ക് തീര്‍ച്ചയായും പറയാമായിരുന്നു’ – സേവാഗ് ചൂണ്ടിക്കാട്ടി.