വാഷിങ്ടണ്‍: യുഎസില്‍ ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ബെെഡന്‍ വിജയിച്ച മിഷിഗണില്‍ വീണ്ടും വോട്ടെണ്ണന്‍ നടത്തില്ല. വോട്ടെണ്ണലില്‍ നിലവിലെ രീതി തുടര്‍ന്നാല്‍ മതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ജോര്‍ജിയയില്‍ രണ്ടാമത് വോട്ടെണ്ണിയപ്പോഴും ജോ ബൈഡന് അനുകൂലമായിരുന്നു ഫലം.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ വിജയിച്ചത് ബൈഡനാണെന്ന് ഗവര്‍ണര്‍ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെ അട്ടിമറിക്കുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വോട്ടെണ്ണലില്‍ കൃത്രിമത്വം നടത്തിയെന്ന് ട്രംപ് ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ജോര്‍ജിയയില്‍ രണ്ടാമത് വോട്ടെണ്ണുകയായിരുന്നു.

തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കോടതി വിധികളും ട്രംപിനെതിരായ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ ട്രംപും അനുയായികളും കൂടുതല്‍ തന്ത്രങ്ങള്‍ മെനയുകയാണ്.

റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള മിഷിഗണിലെയും കടുത്ത പോരാട്ടം കാഴ്ചവച്ച സംസ്ഥാനങ്ങളിലേയും പ്രതിനിധികളുമായി ട്രംപ് വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി.

ജനങ്ങളുടെ ഇഷ്ടം മാറ്റിവച്ച്‌ ട്രംപിനെ വിജയിയായി പ്രഖ്യാപിക്കാന്‍ മിഷിഗണിലെയും മറ്റ് സംസ്ഥാനങ്ങളിലെയും റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള നിയമസഭകള്‍ ഇലക്ടറല്‍ കോളജിനെ പ്രേരിപ്പിക്കുക എന്നതാണ് ട്രംപ് വിഭാഗത്തിന്റെ പുതിയതന്ത്രം.

വിസ്‌കോണ്‍സിനിലെ രണ്ട്‌ കൗണ്ടിയിലെ എട്ടുലക്ഷം വോട്ട്‌ വീണ്ടും എണ്ണണമെന്ന ട്രംപിന്റെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അംഗീകരിച്ചിട്ടുണ്ട്‌. ട്രംപ്‌ 30 ലക്ഷം ഡോളര്‍ അടച്ചതിനെ തുടര്‍ന്നാണ്‌ തീരുമാനം.